NEWS UPDATE

6/recent/ticker-posts

കോവിഡ്​ വാക്​സിനെ തുടർന്ന്​​ അസ്വസ്ഥത; ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

കാസർകോട്​: കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു. ബേഡകം വാവടുക്കം വലിയ കണ്ടത്തെ കെ.രവീന്ദ്രന്റെയും സി.സുനിതയുടെയും മകളായ സി. രജ്ഞിത (22)യാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്.[www.malabarflash.com] 

കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡിന്റെ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം രജ്ഞിതക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആഗസ്ത് 3ന് ബേഡഡുക്ക താലൂക്കാസ്ഥാന ആശുപത്രിയില്‍ വെച്ചാണ് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെച്ചത്. പിന്നീട് കടുത്ത തലവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. 

അസ്വസ്ഥത കൂടുതലായതിനെ തുടര്‍ന്ന് ആഗസ്റ്റ് 17ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന രജ്ഞിതയുടെ നില വഷളായി തുടരുകയായിരുന്നു. 

ഇതിനിടയില്‍ ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുകയും അടിയന്തിര നടപടിക്കായി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യമന്ത്രി ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചികിത്സാ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. അതിനിടയിലാണ് മരണം. ഐ.ടി.ഐ സിവില്‍ എന്‍ജീനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് രജ്ഞിത.

Post a Comment

0 Comments