NEWS UPDATE

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിന്റെ തോല്‍വി: അന്വേഷണത്തിനു 10 അംഗ ഉപസമിതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിനുണ്ടായ തിരിച്ചടി അന്വേഷിക്കാന്‍ 10 അംഗ ഉപസമിതി രൂപീകരിച്ചു. ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും നിയമസഭാ പാര്‍ട്ടിയുടെയും സംയുക്തയോഗത്തിലാണ് സമിതിയെ നിയോഗിച്ചത്.[www.malabarflash.com] 

ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, കെഎം ഷാജി, പി കെ ഫിറോസ്, എന്‍ ഷംസുദ്ദീന്‍, കെ പി എ മജീദ്, ആബിദ് ഹുസയ്ന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പി എം സാദിഖലി എന്നിവരാണ് സമിതി അംഗങ്ങള്‍. 

ഒരോ മണ്ഡലത്തിലേയും കാര്യങ്ങള്‍ പ്രത്യേകം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനാണു നിര്‍ദേശം നല്‍കിയത്. 

അതേസമയം, യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഇത്തവണയും വിമര്‍ശനമുയര്‍ന്നു. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരിച്ചുവന്നത് കനത്ത തിരിച്ചടിയായെന്ന് കെ എം ഷാജിയും കെ എസ് ഹംസയും വിമര്‍ശിച്ചു. 

ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഐഎന്‍എല്‍ വിട്ട് ലീഗിലെത്തിയ പി എം എ സലാമിനെ തിരഞ്ഞെടുപ്പ് കാലത്ത് ആക്റ്റിങ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണെന്നും പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും എം സി മായിന്‍ഹാജി ആവശ്യപ്പെട്ടു. 

കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ന്യൂനപക്ഷ-പിന്നാക്ക വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പോരാട്ടം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സച്ചാര്‍ സമിതി റിപോര്‍ട്ട് അട്ടിമറിച്ചും സംവരണത്തില്‍ വെള്ളംചേര്‍ത്തും ജനങ്ങളെ ഭിന്നിപ്പിച്ചും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള ശ്രമം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി എം എ സലാം, കെ പി എ മജീദ് എന്നിവര്‍ പറഞ്ഞു. 

രണ്ടുമാസത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമാണെന്നും ഭരണപരാജയം ഉയര്‍ത്തിക്കാണിക്കുന്നതില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും യോഗം വിലയിരുത്തി. 

സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സാദിഖലി ശിഹാബ് തങ്ങളാണ് യോഗത്തില്‍ അധ്യക്ഷനായത്. 

ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ഖജാഞ്ചി പി വി അബ്ദുല്‍ വഹാബ്, ഡോ. എം കെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ ഹാജി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ കുട്ടി അഹമ്മദ് കുട്ടി, ടി എം സലീം, ടി പി എം സാഹിര്‍, സി പി ബാവ ഹാജി, കെ എം ഷാജി, അഡ്വ. എം ഷംസുദ്ദീന്‍, ആബിദ് ഹുസയ്ന്‍ തങ്ങള്‍, അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി, കെ എസ് ഹംസ, ബീമാപള്ളി റഷീദ്, അബ്ദുര്‍റഹ്മാന്‍ കല്ലായി, കെ ഇ അബ്ദുര്‍റഹ്മാന്‍, പി എം സാദിഖലി, സി എച്ച് റഷീദ്, സി പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, പി കെ ഫിറോസ്, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി കെ ബഷീര്‍, കുറുക്കോളി മൊയ്തീന്‍, ടി വി ഇബ്രാഹീം, യു എ ലത്തീഫ് സംസാരിച്ചു.

Post a Comment

0 Comments