Top News

മുഹമ്മദിന്‍റെ മരുന്നിന്​ ആറ്​ കോടി രൂപ നികുതി; ഇളവ്​ നൽകണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപു​രം: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്‍റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.[www.malabarflash.com]


അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്‍റെ സഹായം അഭ്യർത്ഥിച്ചത്.

മുഹമ്മദിന്‍റെ ചികിത്സക്കായി മനുഷ്യസ്‌നേഹികള്‍ കൈകോര്‍ത്തതോടെ ഒരാഴ്ചകൊണ്ടാണ്​ മരുന്ന് വാങ്ങാന്‍ ആവശ്യമായ 18 കോടി രൂപ മലയാളികൾ സമാഹരിച്ചത്​. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖത്തിനുള്ള മരുന്നിന്‍റെ ഇറക്കുമതി തീരുവയായി കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്നതാണ് ആറ് കോടി രൂപ. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്കായി 'സോള്‍ജെന്‍സ്മ' മരുന്ന് മുമ്പും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. അതില്‍ പലര്‍ക്കും കേന്ദ്രം നികുതിയിളവ് നല്‍കിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിവിധ രാഷ്​ട്രീയ പാർട്ടികളും ​സോഷ്യൽ മീഡിയ പ്രൊഫൈലുകളും രംഗത്ത്​ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്ത്​ അയച്ചത്​.

കഴിഞ്ഞ ജൂണ്‍ ഒമ്പതിന് സെക്കന്തരാബാദിലെ റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ ആയാന്‍ഷ് ഗുപ്ത എന്ന മൂന്നുവയസുകാരന് ഈ കുത്തിവെപ്പ് നല്‍കിയിരുന്നു. ക്രൗഡ് ഫണ്ടിംങ്ങിലൂടെയാണ് മരുന്ന് വാങ്ങാനുള്ള തുക കണ്ടെത്തിയത്. അന്ന് ഇറക്കുമതി തീരുവയായ ആറ് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വപരമായ പരിഗണനകള്‍ വെച്ച് ഒഴിവാക്കിയിരുന്നു. അതു​പോല തന്നെ ഈ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈയിലെ ടീരാ കമ്മത്ത് എന്ന ആറുമാസം പ്രായമുള്ള കുട്ടിക്കായി സമാന മരുന്ന് എത്തിച്ചപ്പോഴും ആറ് കോടി നികുതിയിളവ് കേന്ദ്രം നല്‍കി.

അന്ന്, മരുന്നിന്റെ നികുതിയിളവിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടത് വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ ബേബി സൈനബിന്റെ ചികിത്സക്കായും പ്രധാനമന്ത്രി ഇടപെട്ട് സഹായം നല്‍കിയിരുന്നു. ഇക്കാര്യങ്ങൾ കത്തിൽ സൂചിപ്പിച്ചാണ്​ മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്​.

Post a Comment

Previous Post Next Post