Top News

സൗദി അറേബ്യയില്‍ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന് സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായിരുന്ന മലപ്പുറം തേഞ്ഞിപ്പലം ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീർ അലി കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.[www.malabarflash.com]


ഏതാനും വർഷം മുമ്പായിരുന്നു കൊലപാതകം. കമ്പനിയിൽ കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് അമീർ അലിയെ കൊലപ്പെടുത്തിയത്. ശേഷം പ്രതി അമീർ അലിയുടെ കൈവശമുണ്ടായിരുന്ന പണം എടുക്കുകയും മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു. 

എന്നാൽ കൊലപാതക വിവരം പുറത്തുവന്ന ഉടൻ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തിൽ വൈകാതെ പ്രതി പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. 

കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും കീഴ്ക്കോടതി വിധി ശരിവെച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post