Top News

പിറന്നാൾ കേക്കുമായുള്ള യാത്രയ്ക്കിടെ വള്ളം മറിഞ്ഞു; സഹോദരങ്ങളടക്കം 3 പേർ മരിച്ചു

കൊച്ചി: പിറന്നാൾ കേക്കുമായുള്ള യാത്രയ്ക്കിടെ വഞ്ചി മറിഞ്ഞ് സഹോദരങ്ങളടക്കം 3 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. നെട്ടൂർ ബീന മൻസിൽ (പെരിങ്ങോട്ടുപറമ്പ്) നവാസിന്റെയും ഷാമിലയുടെയും മക്കളായ ആഷ്ന (22), ആദിൽ (18), കോന്തുരുത്തി മണലിൽ പോളിന്റെയും ഹണിയുടെയും മകൻ എബിൻ പോൾ (20) എന്നിവരാണു മരിച്ചത്. എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്പിൽ ജൂഡ് തദേവൂസിന്റെ മകൻ പ്രവീൺ (23) രക്ഷപ്പെട്ടു.[www.malabarflash.com]


കോന്തുരുത്തി തേവര കായലിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. ആഷ്നയും ആദിലും വീട്ടിൽ നിർമിച്ചതായിരുന്നു കേക്ക്. കോന്തുരുത്തിയിൽനിന്നു ഫൈബർ വള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. വ്യവസായ മേഖലയിലേക്ക് ബാർജുകൾ പോകുന്ന ദേശീയ ജലപാത 3ന്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തും മുൻപു വഞ്ചി മറിഞ്ഞു.

നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂർ പടന്നയ്ക്കൽ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്. പിന്നീട്, മരട് പിഎസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനങ്ങാട് പോലീസും ഫോർട്ട്കൊച്ചി, ഗാന്ധിനഗർ ഫയർ സ്റ്റേഷൻ സ്കൂബാ ഡൈവിങ് സംഘവും ഉടൻ തിരച്ചിൽ തുടങ്ങി. മരട് നഗരസഭയുടെ 4 ആംബുലൻസുകളും സജ്ജമായി.

സ്കൂബാ ഡൈവിങ് സംഘം ആദ്യം മുങ്ങിയെടുത്തത് ആഷ്നയുടെ മൃതദേഹമാണ്. ഒന്നര മണിക്കൂറിനകം എല്ലാ മൃതദേഹങ്ങളും മുങ്ങിയെടുത്തു. ഒഴുക്കില്ലാത്ത ഭാഗത്തായതിൽ മൃതദേഹങ്ങൾ പെട്ടെന്നു കിട്ടി. വള്ളം കിട്ടിയില്ല. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

പെരുമ്പാവൂർ നാഷനൽ കോളജിൽ ബിഎഡ് വിദ്യാർഥിനിയാണ് ആഷ്ന. സഹോദരൻ ആദിൽ തൃപ്പൂണിത്തുറ ഗവ. എച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിയാണ്. കളമശേരി സെന്റ് പോൾസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് എബിൻ. സഹോദരൻ: ആൽബിൻ

Post a Comment

Previous Post Next Post