NEWS UPDATE

6/recent/ticker-posts

വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍: 2.67 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് പരാതി, ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന പരാതിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു.[www.malabarflash.com]


രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പരാതി. കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പിലെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് കമ്മീഷന്റെ പരാതിയില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി കഴിഞ്ഞ ദിവസമാണ് ഉന്നയിച്ചത്. ഈ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് കണ്ടെത്തണമെന്നും പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്‌ നിന്ന് ഈ പരാതി തിരുവനന്തപുരം യൂണിറ്റിലേക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകളായി വോട്ടര്‍ പട്ടികയുടെ നിരവധി കോപ്പികള്‍ ഹാജരാക്കിയിരുന്നു. പല ദിവസങ്ങളായി പല ജില്ലകളിലെയും വോട്ടര്‍പ്പട്ടിക അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവരികയും ചെയ്തു. ഈ വോട്ടര്‍പ്പട്ടിക ഉപയോഗിച്ചാണ് ഇരട്ടവോട്ട് വ്യാപകമായി നടക്കുന്നുണ്ടെന്ന് സാധുകരിച്ചത്. ഇതോടെ ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുകയും ചെയ്തു. പക്ഷേ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചതെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഒരു അന്വേഷണം നടത്തുകയും അന്വേഷണത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും ചില ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിപുലമായ ഒരന്വേഷണം ഇക്കാര്യത്തില്‍ വരേണ്ടതുണ്ട്. ഒരു ക്രിമിനല്‍ കുറ്റം എന്ന നിലയില്‍ വോട്ടര്‍പ്പട്ടിക ചോര്‍ന്നതിനെ സമീപിക്കേണ്ടതുണ്ടെന്ന നിലപാടിനെ തുടര്‍ന്നാണ് കമ്മീഷന്‍ കൂടുതല്‍ നടപടികളിലേക്ക് കടന്നത്.

Post a Comment

0 Comments