NEWS UPDATE

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ മാലിന്യത്തിനിടയില്‍ ഒരു കോടിയുടെ സ്വര്‍ണം

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനിടെ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബൂദബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസ് മാലിന്യം നശിപ്പിക്കാന്‍ എടുത്ത​പ്പോഴാണ് രണ്ട്​ കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്.[www.malabarflash.com]

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നടുവിന് കെട്ടുന്ന മെഡിക്കല്‍ ബെല്‍റ്റിനുള്ളില്‍ രണ്ട് പോളിത്തീന്‍ കവറിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.

മിശ്രിതത്തില്‍നിന്ന്​ വേര്‍തിരിച്ചപ്പോള്‍ 1887 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് ഒരു കോടിയോളം രൂപ വിലവരും. കസ്​റ്റംസ് അസി. കമീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനുമുമ്പും കണ്ണൂരില്‍ കക്കൂസ്​ മാലിന്യത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയില്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കസ്​റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞവര്‍ഷം ലോക്​ഡൗണ്‍ ആരംഭിച്ചതുമുതല്‍ കണ്ണൂരില്‍ സ്വര്‍ണവേട്ട കൂടുതലാണ്. കഴിഞ്ഞവര്‍ഷം ആഗസ്​റ്റിലായിരുന്നു ഏറ്റവും വലിയ സ്വര്‍ണക്കടത്ത് ശ്രമം നടന്നത്. അന്ന് ഒരുദിവസം മാത്രം 1.24 കോടി രൂപ മൂല്യമുള്ള 2.51 കിലോ സ്വര്‍ണം ഏഴുപേരില്‍നിന്നായി പിടികൂടിയിരുന്നു. കോവിഡ്​ കാലയളവില്‍ ഇതിനകം കണ്ണൂരില്‍നിന്ന് അമ്പതോളം തവണ സ്വര്‍ണം പിടികൂടി. വിമാനത്താവളം ഉദ്ഘാടനംചെയ്തശേഷം ഇതുവരെയായി 140 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

Post a Comment

0 Comments