NEWS UPDATE

6/recent/ticker-posts

‘ഫിറോസ് കുന്നംപറമ്പിലിനെതിരെ പ്രതികരിച്ചവര്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാത്തത് പേടികൊണ്ടാണ്’; ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മറന്നുപോയെന്ന് യാസര്‍ എടപ്പാള്‍


മലപ്പുറം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ് സൈബര്‍ പ്രവര്‍ത്തകന്‍ യാസര്‍ എടപ്പാള്‍. യുഡിഎഫിന്റെ നയങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്നും അത് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയും മുന്നണി നശിക്കുമെന്നും യാസര്‍ എടപ്പാള്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.[www.malabarflash.com]


യുവാക്കളെ മുസ്ലിം ലീഗിലേക്കോ കോണ്‍ഗ്രസിലേക്കോ ഇവ ഉള്‍പ്പെടുന്ന യുഡിഎഫിന്റെ നയങ്ങളിലേക്കോ ചേര്‍ത്തു നിര്‍ത്തുന്ന എന്ത് കാര്യമാണിവിടെ നിലനില്‍ക്കുന്നതെന്ന് പരിശോധിക്കണം. ലീഗിലേക്കോ കോണ്‍ഗ്രസിലേക്കോ പ്രത്യേകിച്ച് ലീഗിലേക്ക്, കുടുംബത്തിലുള്ളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരായതുകൊണ്ടോ മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വിദ്വേഷം തീര്‍ക്കാനോ വരുന്നവരല്ലാതെ, യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയും മുന്നണി നശിക്കും.

ചില പ്രാദേശിക നേതാക്കളുടെ മാടമ്പിത്തര സ്വഭാവം കാരണമാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ വെറുക്കുന്നതും വിട്ടുപോകുന്നതെന്നും യാസര്‍ എടപ്പാള്‍ കുറ്റപ്പെടുത്തി. കൃത്യമായി ഇടപേണ്ട സാഹചര്യങ്ങളില്‍ ഇടപെടാത്തതും പാര്‍ട്ടിയില്‍ നിന്ന് സംരക്ഷണം കിട്ടാതെ വന്നതുമാണ് യുവാക്കളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നെന്നും യാസര്‍ എടപ്പാള്‍ ആരോപിച്ചു.

ഏതെങ്കിലും ഒരു മേഖലയില്‍ കൂടുതല്‍ ഏത് പാര്‍ട്ടിയാണോ ഉള്ളത് ആര്‍ക്കാണ് അവിടെ സംരക്ഷണം കെട്ടാന്‍ പറ്റുന്നത് അവര്‍ ആരുതന്നെയായാലും അവരുടെ പിന്നാലെയാണ് പൊതുവെ ജനങ്ങള്‍ അണിനിരക്കുന്നത്. ആ സാഹചര്യം നിലനില്‍ക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാത്തതിനാലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നമ്മുടെ പാര്‍ട്ടിയില്‍ നിന്ന് പോയിട്ടുള്ളത്.

സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള വേദി പാര്‍ട്ടി നല്‍കുന്നില്ലെന്നും യാസര്‍ എടപ്പാള്‍ വിമര്‍ശിച്ചു. ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരു പോസ്റ്റിട്ടപ്പോള്‍ പ്രതികരിച്ചവരാരും പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം വിട്ടുള്ള വരവിനെ എതിര്‍ത്തില്ല. എങ്ങനെപോയാലും 20000 ന് മുകളില്‍ ഭുരിപക്ഷം കിട്ടുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞത് അതിനാലാണെന്നും യാസര്‍ എടപ്പാള്‍ അഭിപ്രായപ്പെട്ടു.

ഫിറോസ് കുന്നംപറമ്പലിനെതിരെ പറഞ്ഞ കൂട്ടര്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാത്തത് പേടികൊണ്ടാണ്, സമൂഹത്തില്‍ ഒറ്റപ്പെടുമോ സമുദായത്തില്‍ ഒറ്റപ്പെടുമോ എന്ന പേടികൊണ്ട്

കോണ്‍ഗ്രസിലും ലീഗിലും നന്നായി ഗ്രൂപ്പിസമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് എല്ലാവരും നന്നായി മനസിലാക്കിയെന്നും തെരഞ്ഞെടുപ്പിലുണ്ടായ റിബലുകളെല്ലാം ഗ്രൂപ്പിസത്തിന്റെ അടയാളങ്ങളാണെന്നും യാസര്‍ എടപ്പാള്‍ പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരായിരുന്നു റിബലുകളായി മത്സരിച്ചത്. മുകളില്‍ നിന്ന് വലിയ വലിയ ആളുകള്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുമ്പോള്‍ സ്വാഭാവികമായും കൃത്യമായി പ്രവര്‍ത്തിച്ചവര്‍ വെട്ടിനിരത്തപ്പെടും. എന്നാല്‍ ഗ്രൂപ്പിസം കോണ്‍ഗ്രസിനെ നശിപ്പിച്ചതുപോലെ മുസ്ലിം ലീഗിനെ നശിപ്പിക്കാനായി വിട്ടുകൊടുക്കരുതെന്നും യാസര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെ ചിന്താഗതി മറന്ന് ചാരിറ്റി സെല്‍ ആയി മാറിയതാണ് തോല്‍വിയുടെ മറ്റൊരു കാരണമെന്നും യാസര്‍ എടപ്പാള്‍ ആരോപിച്ചു. കോണ്‍ഗ്രസിനും അതാണുണ്ടായത്. അതുകൊണ്ടാണിപ്പോള്‍ പാര്‍ട്ടി നടത്തുന്ന സി എച്ച് സെന്ററിനെ കളവിനും മോഷണത്തിനുമുള്ള ഗ്രൗണ്ടാക്കി മാറ്റിയെന്നും യാസര്‍ എടപ്പാള്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments