NEWS UPDATE

6/recent/ticker-posts

പുതിയ ഐടി നിയമം: സര്‍ക്കാറിന് വഴങ്ങി ഫേസ്ബുക്കും ഗൂഗ്‌ളും വാട്സ് ആപ്പും, വഴങ്ങാതെ ട്വിറ്റര്‍

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഐടി നിയമത്തിന്റെ ഭാഗമായി പരാതി പരിഹാര ഉദ്യോഗസ്ഥരെ പ്രമുഖ സാമൂഹ്യമാധ്യമ കമ്പനികള്‍ നിയമിച്ചെന്ന് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് ഗൂഗിള്‍ വാട്ട്‌സ്ആപ്പ്, ലിങ്ക്ട് ഇന്‍ കമ്പനികള്‍ ഉദ്യോഗസ്ഥരെ നിയമിച്ച വിവരം ഐടി മന്ത്രാലയത്തിനാണ് കൈമാറിയത്. ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെയാണ് നിയമിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.[www.malabarflash.com]


സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ട്വിറ്റര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. ഒരു അഭിഭാഷകനെ നോഡല്‍ ഓഫിസറായി നിയമിച്ചെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി മെയ് 26ന് അവസാനിച്ചിരുന്നു.

നിയമപ്രകാരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികള്‍ക്കും ഉത്തരവാദിത്തം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക എന്നതിലാണ് ആശങ്ക.

Post a Comment

0 Comments