Top News

വകുപ്പുകള്‍ തീരുമാനിക്കാന്‍ അധികാരം മുഖ്യമന്ത്രിക്കാണെന്ന് സമസ്ത; ‘ആര് കൈകാര്യം ചെയ്താലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നീതി ലഭിക്കും’

കോഴിക്കോട്: സര്‍ക്കാരിന്റെ വകുപ്പുകള്‍ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. സര്‍ക്കാരിന്റെ കാര്യത്തില്‍ സമസ്ത ഇടപെടാറില്ലെന്നും വകുപ്പ് ആര് കൈകാര്യം ചെയ്താലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.[www.malabarflash.com]


സമസ്ത പ്രസ്താവന: ”ജനാധിപത്യസംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാനിക്കാനും ആര്‍ക്കൊക്കെയെന്ന് നിര്‍ണയിക്കാനുമുള്ള അധികാരം അതിന് നേതൃത്വം നല്‍കുന്ന ഉത്തരവാദപ്പെട്ടവര്‍ക്കൊണെന്നും അതില്‍ സമസ്ത ഇടപെടാറില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. 

ഏതെങ്കിലും സമ്മര്‍ദ ശക്തികള്‍ക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നല്‍കിയവരില്‍ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകള്‍ ഒരിക്കലും സമൂഹത്തിന് ഗുണം ചെയ്യില്ല. വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുമന്നും അതിന് അദ്ദേഹം അര്‍ഹനമാണെന്നുമാണ് അഭിപ്രായം. 

ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്നും തങ്ങള്‍ പറഞ്ഞു.

വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാല്‍ അപ്പോള്‍ സമസ്ത പ്രതികരിക്കും. സമുദായങ്ങളെ തമ്മില്‍ അകറ്റാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്. മുസ്ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുത വിശദീകരിക്കല്‍ ഉചിതമായിരിക്കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post