NEWS UPDATE

6/recent/ticker-posts

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളത് 8,848 പേരെന്ന് കേന്ദ്രസർക്കാർ


ന്യൂഡല്‍ഹി: രാജ്യത്താകമാനം 8,848 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സഹാചര്യത്തില്‍ ഫംഗസ് ബാധ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നിന്റെ 23,000 അധിക ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


" വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകളുടെ വിശദമായ അവലോകനത്തിന് ശേഷം, ആംഫോട്ടെറിസിന്‍-ബി (Amphotericin-B) യുടെ 23,680 അധിക ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 8,848 രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് വിഹിതം അനുവദിച്ചിരിക്കുന്നത്." - സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ (2,281 കേസുകള്‍) റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിന് 5,800 ഡോസുകള്‍ അനുവദിച്ചു. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് 5,090 ഡോസുകള്‍ നല്‍കി. 910 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രാപ്രദേശിന് 2,300 ഉം അയല്‍ സംസ്ഥാനമായ തെലങ്കാനക്ക് (350 കേസുകള്‍ക്ക്) 890 ഡോസുകളും അനുവദിച്ചു. 

ഇതുവരെ 197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിക്ക് 670 ഡോസുകളും ലഭിക്കും.കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് കേരളത്തിൽ 36 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിന് 120 ഡോസ് മരുന്ന് അനുവദിച്ചിട്ടുണ്ട്.

കണ്ണുകള്‍, മൂക്ക്, താടിയെല്ലുകള്‍, തലച്ചോറിലേക്ക് പോലും പടരുന്ന നൂറുകണക്കിന് ബ്ലാക്ക് ഫംഗസ് കേസുകള്‍ കോവിഡിനേത്തുടര്‍ന്ന് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനേത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

ഇന്ത്യയിലെ 11 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments