NEWS UPDATE

6/recent/ticker-posts

‘രക്തനക്ഷത്രത്തിന് വിട’; കെ ആര്‍ ഗൗരിയമ്മയുടെ ഭൗതീക ശരീരം വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ.ഗൗരിയമ്മ ഇനി ഓർമനക്ഷത്രം. വിപ്ലവ സ്മരണകളിരമ്പുന്ന വലിയ ചുടുകാട്ടിൽ ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.[www.malabarflash.com]

തിരുവനന്തപുരത്ത് അന്തരിച്ച ഗൗരിയമ്മയുടെ മൃതദേഹം അവിടെയും ആലപ്പുഴയിലെ സ്വവസതിയായ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലും എസ്ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. 

കളത്തിപ്പറമ്പിൽ വീട്ടിൽ വളരെ കുറച്ചുപേർക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. വിവിധ കക്ഷി നേതാക്കൾ ഗൗരിയമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. ഉച്ചയ്ക്കു രണ്ടരയോടെയാണു തിരുവനന്തപുരത്തുനിന്ന് ആംബുലൻസിൽ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്. മൂന്നു മണിയോടെ എസ്ഡിവി സ്കൂൾ ഓഡിറ്റോറിയത്തിലേക്കു മാറ്റി.

പൊലീസിന്റെ പാസ് ഉള്ളവർക്കു മാത്രമാണ് എസ്ഡിവി ഓഡിറ്റോറിയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പ്രവേശനം അനുവദിച്ചത്. വൈകിട്ട് 5 മണിയോടെ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മൃതദേഹം സംസ്കരിച്ചു. 

ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്.

നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും അനുഭവിച്ചു. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. 

ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണു തിരശ്ശീല വീഴുന്നത്.

Post a Comment

0 Comments