Top News

അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉത്പാദനം ആരംഭിച്ചു

കൊച്ചി: കേന്ദ്രം കേരളത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാൻറുകളിൽ ആദ്യത്തേത് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉത്‌പാദനം ആരംഭിച്ചു. പിഎസ്എ അഥവാ പ്രഷർ സ്വിങ് അഡ്സോർപ്ഷൻ എന്ന പ്രക്രിയയിലൂടെ അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്ന സംവിധാനമാണിത്.[www.malabarflash.com]


ചൊവ്വാഴ്ച ട്രയൽ റൺ നടത്തി പ്ലാന്റിലെ ഓക്സിജൻ ഗുണനിലവാര പരിശോധനയ്ക്കായി ഡൽഹിയിലേക്ക് അയച്ചിരുന്നു. ഓക്സിജൻ 94, 95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞതോടെ പ്ലാന്റ് പൂർണ തോതിൽ ഉത്പാദനം ആരംഭിക്കുകയായിരുന്നു. മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി.

പ്ലാന്റ് പ്രവർത്തനമാരംഭിച്ചതോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ഓക്സിജൻ പര്യാപ്തതയുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആർഎംഒ ഡോ. ഗണേശ് മോഹൻ പറഞ്ഞു. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന 250 കോവിഡ് ബെഡുകളിലേക്ക് പൈപ്പുകൾ വഴി പ്ലാന്റിൽ നിന്നും ഓക്സിജൻ എത്തിക്കും. എന്നാൽ 100 ശതമാനം ശുദ്ധമായ ഓക്സിജൻ വേണ്ടതിനാൽ ഐസിയുവിലേക്ക് പുറത്തുനിന്ന് ഓക്സിജൻ വാങ്ങുന്നത് തുടരേണ്ടിവരുമെന്നും ആർഎംഒ കൂട്ടി ചേർത്തു.

ഒന്നര കോടിയോളം രൂപ ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിച്ചത്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത്. തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ സ്ഥാപിക്കുന്നത്. തൃശ്ശൂരിലെ പ്ലാന്റിൽ മിനിറ്റിൽ 1500 ലിറ്ററും കോട്ടയത്തെയും തിരുവനന്തപുരത്തെയും പ്ലാന്റുകളിൽ 2000 ലിറ്ററും ഉത്പാദിപ്പിക്കാനാവും.

Post a Comment

Previous Post Next Post