NEWS UPDATE

6/recent/ticker-posts

സമ്പൂർണ ലോക്ക്ഡൗണില്ല, വാരാന്ത്യ നിയന്ത്രണം തുടരും, രോഗം കൂടിയ ഇടങ്ങൾ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച് ചേ‍ർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നും സർവകക്ഷിയോഗത്തിൽ പൊതു അഭിപ്രായമുയർന്നു.[www.malabarflash.com] 

സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു.

അതേസമയം, വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യണം. 

ആദിവാസി മേഖലയിൽ കോവിഡ് പരിശോധന കർശനമാക്കാൻ തീരുമാനമായിട്ടുണ്ട്. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.

ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. എല്ലാ ജില്ലാ കളക്ടർമാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം. സർക്കാ‍ർ വിളിച്ച സർവ്വകക്ഷി യോഗത്തിലെ നിർദ്ദേശങ്ങൾ കളക്ടർമാർ മതനേതാക്കളെ അറിയിക്കും. അതിന് ശേഷം യുക്തമായ തീരുമാനം സ്വീകരിക്കാവുന്നതാണെന്നും സർവകക്ഷിയോഗത്തിൽ ധാരണയായി.

പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാർ വാക്സീൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം. ബജറ്റിൽ തോമസ് ഐസക് ടോക്കൺ പ്രൊവിഷൻ വക്കണമായിരുന്നു. ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപം ശരിയെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments