NEWS UPDATE

6/recent/ticker-posts

പൊന്നാനിയിൽ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്.[www.malabarflash.com]


ഒരാഴ്ച മുൻപാണു കാഞ്ഞിരമുക്ക് വാലിയിൽ ഭരതന്റെ മകൻ അമലിനെ (20) പ്രഭാത സവാരിക്കിടെ കാഞ്ഞിരമുക്കിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നെഞ്ചുവേദനയാകാം മരണകാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്യ ബോർഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

എറണാകുളത്ത് വച്ച് ഡ്രൈവറെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പരസ്യ ബോർഡുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ അമലിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനു മൊഴി നൽകി.

ഭയം കൊണ്ടാണ് അപകടത്തിൽ പെട്ടയാളെ ആശുപത്രിയെലെത്തിക്കുകയോ വിവരം പോലീസിനെ അറിയിക്കുകയോ ചെയ്യാതിരുന്നതെന്നാണ് ആന്റോ പോലീസിനോട് പറഞ്ഞത്. അതേസമയം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് ഡോക്ടർ പറയുന്നു. മൂന്നു മണിക്കൂറോളം റോഡിൽ കിടന്നാണ് 20-കാരനായ അമൽ മരിച്ചതെന്നും ഡോക്ടർ പറഞ്ഞു.

Post a Comment

0 Comments