NEWS UPDATE

6/recent/ticker-posts

മുതിർന്ന നേതാവ് എ.രാമസ്വാമി കേ‍ാൺഗ്രസിൽനിന്നു രാജിവച്ചു

പാലക്കാട്: യുഡിഎഫ് മുൻ ജില്ലാ ചെയർമാനും മുതിർന്ന കേ‍ാൺഗ്രസ് നേതാവുമായ എ.രാമസ്വാമി പാർട്ടിയിൽനിന്നു രാജിവച്ചു. നേതൃത്വത്തിന്റെ നിരന്തര അവഗണനയും അർഹമായ അവസരങ്ങൾ നിഷേധിക്കുന്നതിലും മനസ്സു മടുത്താണു രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com] 

രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകിയെന്നും ഇനി ഇടതുമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുമെന്നും രാമസ്വാമി വ്യക്തമാക്കി.

കേ‍ാൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്ന രാമസ്വാമിയെ കഴിഞ്ഞമാസം 20ന് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് സ്ഥാനാർഥിയുമായ ഷാഫി പറമ്പിൽ, നേതൃത്വത്തിനെതിരെ വിമതസ്വരമുയർത്തിയ എ.വി.ഗേ‍ാപിനാഥ്, ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ തുടങ്ങിയവർ അദ്ദേഹവുമായി വിഷയം ചർച്ചചെയ്തിരുന്നു. പിന്നീട് എ.കെ.ആന്റണിയും ഫേ‍ാണിൽ സംസാരിച്ചു.

‌സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാതിരിക്കുകയും പാർട്ടി പുനഃസംഘടനയിൽ അവഗണിക്കുകയും ചെയ്തതിൽ രാമസ്വാമി അസംതൃപ്തനായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം അർഹമായ പരിഗണന നൽകുമെന്ന് നേതൃത്വം അറിയിച്ചു. 

പ്രശ്നങ്ങൾ താമസിയാതെ പരിഹരിക്കാമെന്ന് നേതൃത്വം വാക്കുനൽകിയെങ്കിലും പിന്നീടും തുടർച്ചയായി അവഗണിച്ചതായി രാമസ്വാമി ആരേ‍ാപിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് രാമസ്വാമി.

Post a Comment

0 Comments