Top News

മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്​ലീം ലീഗ്​ പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂക്കരയിലെ രതീഷ്​ കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]

വളയം പോലീസ്​ സ്​റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ കാലിക്കുളമ്പ്​ പറമ്പിൽ വെള്ളിയാഴ്​ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്​. നാട്ടുകാരാണ്​ പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം​ പൊലീസിൽ അറിയിച്ചത്​. തുടർന്ന്​ ചൊക്ലി പോലീസ്​, നാദാപുരം ഡിവൈ.എസ്​.പി എന്നിവരുടെ നേതൃത്വത്തിൽ സ്​ഥലത്തെത്തി പരിശോധന നടത്തി.

മൻസൂറിനെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ട രതീഷ് കൃത്യം നിർവഹിച്ച ശേഷം ഒളിവിൽ പോയിരുന്നു. രതീഷിനായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീടിന് സമീപത്തെ അഞ്ചാമത്തെ വീട്ടിലാണ് രതീഷ് താമസിക്കുന്നത്.

പെരിങ്ങത്തൂർ​ പുല്ലൂക്കര മുക്കിൽ പീടികയിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ്​ പ്രവർത്തകനായ പാറാൽ മൻസൂർ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മൻസൂറിനെ വലിച്ചിഴച്ച് വെട്ടുകയായിരുന്നു. മൻസൂറിന്‍റെ മാതാവിനും സഹോദരൻ മുഹ്സിനും​ (27) അയൽപക്കത്തുള്ള സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

കേസിൽ പ്രതിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ പിടികൂടി പോലീസിന് കൈമാറിയിരുന്നു.

സി.പി.എം പ്രവർത്തകനായ രതീഷ്​ പാറക്കടവിലെ വർക്​ഷോപ്പ്​ ജീവനക്കാരനായിരുന്നു. പരേതനായ ബാലൻ, പത്​മിനി ദമ്പതികളുടെ മകനാണ്​. സഹോദരി: രജിഷ.

Post a Comment

Previous Post Next Post