NEWS UPDATE

6/recent/ticker-posts

കോവിഡ്: ലഖ്‌നൗവിലെ വൈദ്യുത ശ്മശാനങ്ങളില്‍ വന്‍ തിരക്ക്; കാത്തുനില്‍ക്കേണ്ടത് പത്ത് മണിക്കൂര്‍വരെ

ലഖ്‌നൗ: കോവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതോടെ യു.പി തലസ്ഥാനമായ ലഖ്നൗവിലെ വൈദ്യുത ശ്മശാനങ്ങളില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനായി എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ് ബന്ധുക്കള്‍ക്ക് വൈദ്യുത ശ്മശാനങ്ങളില്‍ കാത്തുനില്‍ക്കേണ്ടി വരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.[www.malabarflash.com]

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ വൈദ്യുത ശ്മശാനങ്ങളില്‍ മാത്രമേ ദഹിപ്പിക്കാവൂ എന്ന നിബന്ധനയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.

കഴിഞ്ഞ ദിവസം 19 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താണ് 23 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്ന് ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈദ്യുത ശ്മശാനത്തിന്റെ ചുമതലയുള്ള ജീവനക്കാര്‍ പറയുന്നു. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 45 മിനിട്ടാണ് വേണ്ടിവരുന്നത്. പലപ്പോഴും സമയത്ത് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാറില്ല. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാത്തപക്ഷം നിലവിലെ സ്ഥിതിയില്‍ ജോലി തുടരേണ്ട അവസ്ഥയാണ് ഉള്ളതെന്ന് അവര്‍ പറയുന്നു.

മൃതദേഹം സംസ്‌കരിക്കാനെത്തുന്ന ബന്ധുക്കളും കടുത്ത ദുരിതത്തിലാണ്. എട്ടാം നമ്പര്‍ ടോക്കണ്‍ ആണ് ലഭിച്ചതെന്നും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കാത്തുനില്‍ക്കേണ്ടി വരുമെന്നും ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു. കോവിഡ് ബാധിച്ച ബന്ധുവിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി വലിയ പോരാട്ടം നടത്തേണ്ടിവന്നു. ഇനി മൃതദേഹം സംസ്‌കരിക്കാനും പോരാട്ടം നടത്തേണ്ട അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവിലെ ഭൈസാകുണ്ഡ് വൈകുണ്ഡ് ധാമിലെ വൈദ്യുതി ശ്മശാനത്തില്‍ ഒരു യന്ത്രം മാത്രമാണുള്ളത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇവിടെയും ദീര്‍ഘനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എട്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നുവെന്ന് ലഖ്‌നൗ സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാര്യാപിതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ലഖ്‌നൗ സ്വദേശിയായ മറ്റൊരാള്‍ക്ക് പത്ത് മണിക്കൂറാണ് കാത്തുനില്‍ക്കേണ്ടി വന്നത്.

അതിനിടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വൈദ്യുതി ശ്മശാനങ്ങളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്ന സ്ഥിതിക്ക് ഉടന്‍ മാറ്റംവരുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പലസ്ഥലത്തും യന്ത്രങ്ങള്‍ കേടുവന്നതാണ് പ്രശ്‌നമായത്. യന്ത്രങ്ങള്‍ നന്നാക്കി ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Post a Comment

0 Comments