Top News

സര്‍ക്കാരിന് വന്‍ തിരിച്ചടി: ഇ.ഡിക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി.[www.malabarflash.com]

ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. കേസിലെ തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്.

ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണാണ് വിധിപറഞ്ഞത്.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

ഉന്നതരിലേക്ക് അന്വേഷണം എത്തുന്നത് തടയാനാണ് ഈ നീക്കമെന്നാണ് ഇ.ഡി. ഹര്‍ജിയില്‍ ഉന്നയിച്ചത് എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ ഉന്നതസ്ഥാനത്തുള്ളവരെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്

Post a Comment

Previous Post Next Post