Top News

‘അത് ഭാര്യയെ പേടിച്ച് മദ്യം ഒളിപ്പിച്ചതല്ല’; വ്യാജ വാട്‌സാപ്പ് സന്ദേശങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന് കുടുംബം

മാവേലിക്കര: കുളിമുറിയിലെ ഡ്രൈനോജില്‍ ഗൃഹനാഥന്റെ കൈകുടുങ്ങിയതിന്റെ വീഡിയോ വ്യാജക്യാപ്ഷനുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് മാവേലിക്കര മാന്നാറിലെ ഒരു കുടുംബം.[www.malabarflash.com]

കുളിമുറി ഡ്രൈനേജ് പൈപ്പില്‍ തടസ്സം നേരിട്ടത് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടയിലെ അപകടത്തെ സമൂഹമാധ്യമങ്ങളില്‍ ഒരു കൂട്ടര്‍ തെറ്റായി പ്രചരിപ്പിച്ചതോടെയാണ് മാന്നാറിലെ ഈ കുടുംബത്തിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായത്. 


ഭാര്യ അറിയാതെ ഡ്രൈനേജില്‍ മദ്യക്കുപ്പി ഒളിപ്പിച്ച ഗൃഹനാഥന്‍ അത് പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് എന്ന ക്യാപ്ഷനോടെ വീഡിയോ പ്രചരിച്ചതോടെ ആത്മാഭിമാനം മുറിപ്പെട്ട കുടുംബത്തിന് പറയാനുള്ളത് നരകതുല്യമായ ചില മണിക്കൂറുകളുടെ കഥയാണ്. 

ഭാര്യ അറിയാതെ ഡ്രൈനേജില്‍ ഒളിപ്പിച്ച മദ്യക്കുപ്പി പുറത്തെടുക്കുന്നതിനിടെ ഗൃഹനാഥന്റെ കൈകുടുങ്ങി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വൈറല്‍ വീഡിയോയില്‍ കൈകുടുങ്ങിയ ഗൃഹനാഥനെ നാട്ടുകാരും അയല്‍ക്കാരും തിരിച്ചറിഞ്ഞതോടെ ഈ കുടുംബത്തിനാകെ പുറത്തിറങ്ങാനാകാത്ത അവസ്ഥയായി. 

അച്ഛന്റെ വീഡിയോ മകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും കൂട്ടുകാര്‍ കുട്ടിയെ കളിയാക്കുകയും ചെയ്തതോടെ ഇവരുടെ ജീവിതം ദുരിതമയമായി. ഡ്രൈനേജില്‍ നിന്നും കൈപുറത്തെടുക്കാനായി എത്തിയ അഗ്നിസമനശേനാംഗങ്ങള്‍ തന്നെ അപകടത്തിന്റെ യഥാര്‍ഥ കാരണം വിശദീകരിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് ആര്‍ക്കും തടയിടാനായില്ല. 

ഡ്രൈനേജിലെ തടസം നീക്കാന്‍ ഒരു പ്ലംബറെ വിളിച്ചിട്ട് ആരും വരാത്തതിനെത്തുടര്‍ന്നാണ് ബ്ലോക്ക് നീക്കല്‍ ജോലി സ്വയം ഏറ്റെടുത്തതെന്ന് ഗൃഹനാഥന്‍ വിശദീകരിക്കുന്നുണ്ട്. കൈകുടുങ്ങിയപ്പോള്‍ പുറത്തെടുക്കാന്‍ അഗ്നിശമനസേനയെ വിളിച്ചെന്നും രക്ഷാപ്രവര്‍ത്തനത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോ തെറ്റായ ക്യാപ്ഷനോടെ പ്രചരിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. 

വ്യാജപ്രചരണം വ്യാപകമായതോടെ പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ പോലും കഴിയാത്ത അവസ്ഥയിലാണ് താനിപ്പോള്‍ എന്ന് സംഭവത്തിലുള്‍പ്പെട്ട ഗൃഹനാഥ  പറയുന്നു. 

ആശുപത്രിയിലായിരുന്ന സഹോദനെ കണ്ട് മടങ്ങുംവഴി കൊച്ചി മെട്രോയിലിരുന്ന് ഉറങ്ങിപ്പോയ ഭിന്നശേഷിക്കാരനായ ഒരു വ്യക്തിയുടെ വീഡിയോയും ഇത്തരത്തില്‍ വ്യാജ ക്യാപ്ഷനോടെ പ്രചരിച്ചത് ചര്‍ച്ചയായിരുന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ഇയാള്‍ മദ്യപിച്ച് ബോധരഹിതനായി ഉറങ്ങുകയാണെന്നായിരുന്നു ഉത്സാഹികളായ ചില നെറ്റിസെണ്‍സിന്റെ കണ്ടുപിടിത്തം. ഈ സംഭവത്തെ ആധാരമാക്കി വികൃതി എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു. 

വ്യാജപ്രചരണത്തിന്റെ ഇരയായ ഭിന്നശേഷിക്കാരനായി സുരാജ് വെഞ്ഞാറമൂടും വീഡിയോ എടുത്ത യുവാവായി സൗബിനും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

Post a Comment

Previous Post Next Post