Top News

മമതാ ബാനര്‍ജിക്ക് പരുക്ക്; ആക്രമിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നന്ദിഗ്രാം : താന്‍ നന്ദിഗ്രാമില്‍ വെച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ഇരയായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്നെ നാല് അഞ്ച് പേര്‍ ചേര്‍ന്ന് തള്ളിയിട്ടെന്നും ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചു.[www.malabarflash.com] 

സംഭവം നടക്കുന്ന സമയത്ത് സമീപത്ത് പോലീസ് ഉണ്ടായിരുന്നില്ലെന്നും മമത ആരോപിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നന്ദിഗ്രാമിലെത്തിയതായിരുന്നു മമത. 66കാരിയായ മുഖ്യമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെഴുന്നേല്‍പിച്ച് കാറില്‍ കയറ്റി ഇരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സംഭവം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.


പത്രിക സമര്‍പ്പിച്ച ശേഷം നന്ദിഗ്രാമില്‍ രാത്രി തങ്ങാനിരുന്ന മമതാ ബാനര്‍ജി 130 കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്തയിലേക്ക് മടങ്ങി. 

ബംഗാള്‍ പോലീസ് മേധാവിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പി നിരഞ്ജയനെ നിയോഗിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുന്നേയാണ് നിര്‍ണായക സംഭവങ്ങള്‍. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ന്നെന്നും അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണെന്നുമുള്ള ബിജെപി ആരോപണങ്ങള്‍ക്കിടെയാണ് വീരേന്ദ്ര ഐപിഎസിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്. 

ബംഗാളില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി.

Post a Comment

Previous Post Next Post