Top News

പി മോഹനനെതിരെ മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകന്‍ മാപ്പ് പറഞ്ഞു

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ഭാര്യ കെകെ ലതികയ്ക്കുമെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഖേദം പ്രകടിപ്പിച്ചു.[www.malabarflash.com]

പാര്‍ട്ടി പ്രവര്‍ത്തകനായ ഗിരീഷാണ് സിപിഐഎം പ്രവര്‍ത്തകരോടും നേതാക്കളോടും മാപ്പ് പറഞ്ഞത്. ‘ഇന്ന് നടന്ന പാര്‍ട്ടി പ്രതിഷേധ റാലിയില്‍ ഞാന്‍ വിളിച്ച മുദ്രാവാക്യം തെറ്റായി പോയി. മാപ്പ് പറയുന്നു.”-ഗിരീഷ് പറഞ്ഞു.



‘ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍ ഓളേം മക്കളേം ബിക്കൂലേ പി മോഹനാ ഓര്‍ത്തോളൂ.. ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ, പ്രസ്ഥാനത്തിനു നേരെ വന്നാല്‍ നോക്കി നില്‍ക്കാനാവില്ല’ തുടങ്ങിയവ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിനിടെ ഗിരീഷ് വിളിച്ചത്. കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് ഭീഷണിയും വിമര്‍ശനങ്ങളും ഉയര്‍ന്നത്.

മുദ്രാവാക്യങ്ങള്‍ ഇങ്ങനെ:
”പി മോഹനാ ഓര്‍ത്തോളൂ..
ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍
ഓളേം മക്കളേം ബിക്കൂലേ..
ഓര്‍ത്തു കളിച്ചോ മോഹനന്‍ മാഷേ
പ്രസ്ഥാനത്തിനു നേരെ വന്നാല്‍
നോക്കി നില്‍ക്കാനാവില്ല..
ഓര്‍ത്തു കളിച്ചോ തെമ്മാടി
കൂരിക്കാട്ടെ കുഞ്ഞാത്തൂ
കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്
ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ..
പ്രസ്ഥാനത്തിനു നേരെ വന്നാല്‍
നോക്കി നില്‍ക്കാനാവില്ല…”

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിരുന്നു. എന്നാല്‍ സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒരുവിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. 

ബുധനാഴ്ച സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ കുറ്റ്യാടി മണ്ഡലം ഇടം നേടിയിരുന്നില്ല. മാത്രമല്ല, കേരള കോണ്‍ഗ്രസ് പട്ടികയിലും കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം വിശദീകരണം.

മണ്ഡലത്തില്‍ ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്. വടകര, നാദാപുരം സീറ്റുകള്‍ വിട്ടുനല്‍കിയതിനെതിരെയും ശക്തമായ എതിര്‍പ്പാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നത്. വടകരയില്‍ എല്‍ജെഡിയും നാദാപുരത്ത് സിപിഐയുമാണ് മത്സരിക്കുന്നത്.

Post a Comment

Previous Post Next Post