Top News

മുതിർന്ന കോൺഗ്രസ്സ് നേതാവ് വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു.[www.malabarflash.com]


നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോർട്ടുകൾ.



കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുകടന്ന് ബിജെപിയില്‍ ചേരുമെന്നും വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ്സ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതില്‍ ചേരും", വിജയൻ തോമസ് പറഞ്ഞു.

സീറ്റുകിട്ടാത്തത് കൊണ്ടല്ല രാജിവെച്ചതെന്നും വിജയന്‍ തോമസ് ബിജെപിയിലേക്കുള്ള വരവിനെ കുറിച്ച് വിശദീകരിച്ചു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസ്സിലെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു.

പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമാണെന്നും ജാതിമത സമവാക്യം നോക്കി മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നതെന്നും കഴിഞ്ഞയാഴ്ച അദ്ദേഹം രാജിവെച്ച ശേഷം കോണ്‍ഗ്രസ്സിനെതിരേ ആരോപണമുന്നയിച്ചിരുന്നു.

Post a Comment

Previous Post Next Post