NEWS UPDATE

6/recent/ticker-posts

ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി-സിവോട്ടര്‍ അഭിപ്രായ സര്‍വേ: ഇടതുപക്ഷം 75-83 സീറ്റുകള്‍ നേടും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സര്‍ക്കാര്‍ 75 മുതല്‍ 83 വരെ സീറ്റുകള്‍ നേടുമെന്ന് മാതൃഭൂമി സിവോട്ടര്‍ അഭിപ്രായ സര്‍വേ. 75മുതല്‍ 83 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ ഫലം. യുഡിഎഫിന് 56- 64 സീറ്റുകള്‍ നേടാനാവുമെന്നും സര്‍വേ ഫലം പറയുന്നു. എന്‍ഡിഎ 0-2 സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. എല്‍ഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സര്‍വേ ഫല ശരാശരി.[www.malabarflash.com] 

എല്‍ഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 16.6 ശതമാനം വോട്ടുകളുമാണ് സര്‍വേ പ്രവചിക്കുന്നത്.

ഈ സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്, മാറണം എന്നാഗ്രഹിക്കുന്നവര്‍ 40.5 ശതമാനം പേരാണ്. സര്‍ക്കാരിനോട് എതിര്‍പ്പുണ്ട് എന്നാല്‍ സര്‍ക്കാര്‍ മാറേണ്ടതില്ലെന്ന് 27.6 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരിനോട് എതിര്‍പ്പില്ല, സര്‍ക്കാര്‍ മാറേണ്ടതില്ല എന്ന് 31.9 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

പ്രതിപക്ഷത്തിന് 42.6 ശതമാനം പേര്‍ മോശം റേറ്റിങ് നല്‍കിയപ്പോള്‍ 34.4 ശതമാനം പേര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 20.1 ശതമാനം പേര്‍ ശരാശരിയെന്ന് രേഖപ്പെടുത്തി. 2.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതല്‍ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന് 47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേര്‍ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുമോ എന്ന ചോദ്യത്തോട് മാതൃഭൂമി-സിവോട്ടര്‍ അഭിപ്രായ സര്‍വേയില്‍ 56.9ശതമാനവും ബിജെപി നില മെച്ചപ്പെടുത്തില്ലെന്നാണ് പ്രതികരിച്ചത്. 31.8 ശതമാനം പേര്‍ നില മെച്ചപ്പെടുത്തുമെന്നും 11.3 ശതമാനം പേര്‍ പറയാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.

കിറ്റും പെന്‍ഷനും തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു.
സര്‍ക്കാര്‍ വികസന മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേര്‍ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാന്‍ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേര്‍.

51 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സര്‍വേയില്‍ എന്താണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം എന്നതായിരുന്നു ആദ്യ ചോദ്യം. വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേയില്‍ 41.8 ശതമാനം വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 10.4 ശതമാനം പേരെ അഴിമതിയും 4.8 ശതമാനം പേരെ ക്രമസമാധാന പ്രശ്നങ്ങളും സ്വാധീനിച്ചു.

വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണക്കടത്താണ്. 25.2ശതമാനം പേര്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന്ന് രേഖപ്പെടുത്തി. ശബരിമല വിവാദം - 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം എന്നിങ്ങനെയാണ് മറ്റുവിവാദങ്ങളോടുളള വോട്ടര്‍മാരുടെ പ്രതികരണം.

51 ദിവസം കൊണ്ട് പൂര്‍ത്തായാക്കിയ സര്‍വേയില്‍ 40 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

Post a Comment

0 Comments