NEWS UPDATE

6/recent/ticker-posts

‘ചെത്തു കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി’; മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരന്‍ എംപി

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരന്‍ എംപി. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്.[www.malabarflash.com] 

ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം ഏറ്റവും കൂടുതല്‍ നടത്തിയതും കോണ്‍ഗ്രസ്, ബിജെപി നേതാക്കളാണ്. അപ്പോഴെല്ലാം പിണറായി വിജയന്‍ അഭിമാനത്തോടെ പറഞ്ഞ മറുപടി ഇതായിരുന്നു, ‘അതേ എന്റെ അച്ഛനും സഹോദരന്‍മാരും ചെത്തുതൊഴിലെടുത്തവരാണ്. അപ്പോ, വിജയനും ചെത്തുതൊഴിലേ എടുക്കാന്‍ പാടുള്ളൂയെന്ന് ആഗ്രഹിക്കുന്ന ചിലര്‍ ഉണ്ടായിരിക്കും. അത് പറഞ്ഞിട്ട് എന്താണ് കാര്യം. കാലം മാറിയില്ലേ. ഇത് ഈ പറയുന്നവര്‍ മനസിലാക്കിയാല്‍ നല്ലത്.’

ജനുവരി മാസത്തില്‍ ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛന്‍. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്‌കാരമാക്കിയവരുമുണ്ട് സമൂഹത്തില്‍. ലോകത്തെയാകെ മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയശക്തിയാണ് തൊഴിലാളിവര്‍ഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവര്‍ ഉണരുമ്പോള്‍ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും. 

നാട്ടിന്‍പുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ആ ബാല്യം പരുക്കന്‍ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമര്‍ശിക്കുന്ന ഒരു ഘടകം. 

‘ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ’ എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളര്‍ത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂര്‍ത്തിലുമായിരുന്നു വളര്‍ന്നിരുന്നതെങ്കില്‍ ഞാന്‍ മറ്റൊരാളായിപ്പോയേനേ.”

Post a Comment

0 Comments