NEWS UPDATE

6/recent/ticker-posts

സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: പങ്കെടുക്കണമെന്ന് തോന്നുന്ന എല്ലാ യോഗങ്ങളിലും സമസ്ത പങ്കെടുക്കുമെന്നും മലപ്പുറത്ത് നടന്ന മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ സമസ്തയുടെ പ്രതിനിധികളെ അയച്ചിട്ടുണ്ടെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.[www.malabarflash.com]

ഭരണകര്‍ത്താക്കള്‍ വിളിക്കുന്ന യോഗങ്ങളില്‍ സമസ്ത പങ്കെടുക്കും. അവരുടെ മുന്നില്‍ പല കാര്യങ്ങളും പറയാനുണ്ടാവും. അതിനെ ആര്‍ക്കും വിലക്കാനാവില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറിയെ ലീഗ് വിലക്കിയിട്ടില്ല. ശാരീരിക അസ്വസ്ഥത കാരണം അദ്ദേഹം തിരിച്ചു പോന്നതാണ്. 

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുള്‍പടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന സംഘടനയാണ് സമസ്തയെന്നും ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധത്തില്‍ ഒരു മാറ്റവും ഇല്ലെന്നും മുശാവറ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു-വലതു സര്‍ക്കാറുകള്‍ സമസ്തയെ സഹായിക്കുകയും സമസ്തയുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരികയും ചെയ്തിട്ടുണ്ട്. ഒരു സര്‍ക്കാറിനും മത സംഘടയായ സമസ്തയെ പരിഗണിക്കാതെ മുന്നോട്ട് പോവാന്‍ സാധ്യമല്ല. സമസ്ത ഒരു പണ്ഡിത കൂട്ടായ്മയാണ്. രാഷട്രീയം ഞങ്ങളുടെ അജണ്ടയല്ല. മതം സംരക്ഷിക്കുകയും രാജ്യത്തിന്റെ മതേതരത്വ സ്വഭാവം നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത. തീവ്രവാദത്തോടും ഭീകരവാദത്തോടും ഒരിക്കലും രാജിയാവാത്ത നിലപാടാണ് സമസ്തയുടേത്. ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു

ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. അതിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണ്. സമസ്തക്ക് സ്വതന്ത്ര നിലപാടാണുള്ളത്. രാഷ്ട്രീയ സഖ്യങ്ങളില്‍ സമസ്ത അഭിപ്രായം പറയാറില്ല. രാഷ്ട്രീയ സഖ്യങ്ങള്‍ അതിന്റെ നേട്ടവും കോട്ടവും നോക്കി അവര്‍ക്കു തീരുമാനിക്കാവുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് ഉമര്‍ ഫൈസി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സമസ്തയുടെ നേതൃത്വം വിവേകത്തോടെയും ആലോചിച്ചും മാത്രമേ ഇടപെടുകയുള്ളൂ. സമസ്ത മറ്റുള്ള സംഘടനകളുടെ വിഷയങ്ങളില്‍ ഇടപെടില്ലെന്നും അതു പോലെ സമസ്തയുടെ വിഷയങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടരുതെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.

കോഴിക്കോട് സമസ്ത ഓഫിസില്‍ ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments