Top News

മൂന്നര വർഷത്തെ ഗൾഫ് പ്രതിസന്ധിക്ക് അന്ത്യം; ജിസിസി ഉച്ചകോടിയിൽ കരാർ ഒപ്പിട്ടു

ദോഹ: ഖത്തറിനെതിരെ സൗദി അറേബ്യ അടക്കം നാലു രാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം പിൻവലിച്ചു. ജിസിസി ഉച്ചകോടിയിൽ കരാർ ഒപ്പിട്ടു. ഇതോടെ മൂന്നര വർഷത്തെ ഗൾഫ് പ്രതിസന്ധിയാണ് അവസാനിക്കുന്നത്.[www.malabarflash.com] 

സൗദി അറേബ്യ കഴിഞ്ഞ ദിവസം ഖത്തറുമായുള്ള അതിർത്തി തുറന്നിരുന്നു. കര, ആകാശ, സമുദ്ര അതിർത്തികൾ തുറന്നതായി മധ്യസ്ഥത വഹിച്ച കുവൈത്താണ് പ്രഖ്യാപിച്ചത്.

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതോടെ അവസാനിക്കുന്നത്. 2017 ജൂൺ അഞ്ചിനാണ് ഖത്തറിനെതിരെ ഉപരോധം ഏര്‍പെടുത്തുന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളേയും ഒന്നിപ്പിക്കാനുള്ളതാണ് ജിസിസി ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സൗദിയിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഉപരോധം പിൻവലിച്ചത്.

യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സൗദിക്കു പുറമേ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയിരുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും മൂന്ന് സഖ്യരാഷ്ട്രങ്ങളും ഖത്തറുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫര്‍ഹാൻ അൽ സൗദ് പ്രതികരിച്ചു.

Post a Comment

Previous Post Next Post