Top News

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മൂന്നു കേസുകളിൽ എം.സി ഖമറുദ്ദീന് ജാമ്യം; പുറത്തിറങ്ങാനാവില്ല

കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന് ജാമ്യം. പോലീസ് രജിസ്റ്റർ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈകോടതി ജാമ്യം നൽകിയത്. അതേസമയം, മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഖമറുദ്ദീന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.[www.malabarflash.com]


ഈ കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു മാസത്തേക്ക് പ്രവേശിക്കരുതെന്ന കർശന ഉപാധിയിലാണ് ജാമ്യം. ഇത് കൂടാതെ സാധാരണ ജാമ്യത്തിന് കോടതി നിർദേശിക്കുന്ന ഉപാധികളും പാലിക്കണം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി‍യാണ് ഖമറുദ്ദീൻ ഹൈകോടതിയിൽ ഹരജി നൽകിയത്. സാമ്പത്തിക തട്ടിപ്പിൽ 84 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണം എന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും സർക്കാർ വാദിച്ചു.

നവംബർ ഏഴാം തീയതി മുതൽ തടവിൽ കഴിയുന്നതാണെന്നും കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയതും രേഖകൾ ശേഖരിച്ചതും പരിഗണിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന കർശന നിലപാടാണ് സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചത്.

എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക്​ തിരിച്ചു നൽകിയില്ലെന്ന പരാതികളിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ്​ പരാതിയിൽ പറയുന്നത്. ഖമറുദ്ദീനെതിരായ മുഴുവൻ കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

Post a Comment

Previous Post Next Post