NEWS UPDATE

6/recent/ticker-posts

ദേശീയപതാക ഉയർത്തി, വൃക്ഷതൈകൾ നട്ടു; അയോധ്യയിൽ പള്ളിയുടെ നിർമാണത്തിന്​ തുടക്കമായി

ലഖ്​നോ: രാജ്യം 72ാം റിപബ്ലിക്​ ദിനം ആഘോഷിക്കുന്നവേളയിൽ അയോധ്യയിൽ പുതിയ പള്ളിയുടെ നിർമാണത്തിന്​ ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയതിന്​ ശേഷം വൃക്ഷതൈകൾ നട്ടാണ്​ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചത്​. 2019ലെ സുപ്രീംകോടതി വിധിയെ തുടർന്ന്​ ലഭിച്ച അഞ്ചേക്കറിലാണ്​ പള്ളിയുടെ നിർമാണം നടത്തുക.[www.malabarflash.com]


ഇന്ത്യ-ഇസ്​ലാമിക്​ കൾചറൽ ഫൗണ്ടേഷൻ ട്രസ്റ്റിനാണ്​​ പള്ളിയുടെ നിർമാണ ചുമതല. ​ട്രസ്റ്റ്​ മേധാവി സഫർ അഹമ്മദ്​ ഫാറുഖി രാവിലെ 8.45ന്​ ദേശീയ പതാക ഉയർത്തിയതോടെയാണ്​ ചടങ്ങിന്​ തുടക്കമായത്​. തുടർന്ന്​ ട്രസ്റ്റിന്‍റെ 12 അംഗങ്ങളും വൃക്ഷതൈ നട്ടു. 

മണ്ണു പരിശോധനക്ക്​ ശേഷമാണ്​ പള്ളിയുടെ രൂപരേഖ തയാറാക്കിയത്​. ഇതിന്​ ശേഷമാണ്​ നിർമാണ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുന്നത്​. പള്ളിയുടെ നിർമാണത്തിനായി എല്ലാവരിൽ നിന്ന്​ സംഭാവനകൾ അഭ്യർഥിക്കുകയാണെന്ന്​ ഫാറുഖി പറഞ്ഞു.

300 കിടക്കകളുള്ള മൾട്ടി സെപ്​ഷാലിറ്റി ആശുപത്രി, ദിവസം രണ്ടുനേരം സൗജന്യ ഭക്ഷണം വിളമ്പുന്ന സമൂഹ അടുക്കള, ഹിന്ദു-മുസ്​ലിം സംസ്​കൃതി വിവരിക്കുന്ന മ്യൂസിയം, ഇന്ത്യയിലെ ഇസ്​ലാമിക സംസ്​കാരവും സാഹിത്യവും സംബന്ധിച്ച പഠനത്തിന്​ ഗവേഷണ സൗകര്യമുള്ള ലൈബ്രറി, പുസ്​തക പ്രസാധനശാല, ഇങ്ങനെ പ്രത്യേകതകൾ ഏറെയാണ്​ അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലെ അഞ്ച്​ ഏക്കർ ഭൂമിയിൽ നിർമിക്കാനിരിക്കുന്ന നിർദ്ദിഷ്​ട മസ്​ജിദ്​ സമുച്ചയത്തിന്​.

1700 ചതുരശ്ര മീറ്റർ ചുറ്റളവിലാണ്​ മസ്​ജിദ്​ നിർമിക്കുന്നത്​. വൃത്താകൃതിയിലുള്ള മസ്​ജിദിൽ രണ്ട്​ നിലയിലായി രണ്ടായിരം പേർക്ക്​ നമസ്​കരിക്കാനുള്ള സൗകര്യമാണ്​ ഉണ്ടാകുക. പരമ്പരാഗത ശൈലിയിൽ നിന്ന്​ ഭിന്നമായി ആധുനിക രീതിയിലാണ്​ മസ്​ജിദ്​ രൂപകൽപന ചെയ്​തിരിക്കുന്നത്​. കാലോചിത രീതിയിലുള്ള രണ്ട്​ മിനാരങ്ങളും ഗ്ലാസ്​ താഴികക്കുടവുമുണ്ട്​. 

പൂർണമായും സൗരോർജം ഉപയോഗിക്കുന്നതിനാൽ 'സീറോ എനർജി' ആയിരിക്കും മസ്​ജിദിന്‍റെ മറ്റൊരു സവിശേഷത. മസ്​ജിദിന്​ ചുറ്റും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്​.

Post a Comment

0 Comments