NEWS UPDATE

6/recent/ticker-posts

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെന്ന ഇബ്രാഹിംകുഞ്ഞിന്റെ പരാമര്‍ശം; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി വിജിലന്‍സ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന മുന്‍ നിര്‍ത്തി ജാമ്യം റദ്ദാക്കാന്‍ വിജിലന്‍സ് കോടതി സമീപിക്കാന്‍ ഒരുങ്ങുന്നതായി സൂചന.[www.malabarflash.com]

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടി പറഞ്ഞാല്‍ താന്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുക്കമാണെന്ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.ഗുരുതരമായ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നും ജാമ്യം നേടിയ ആള്‍ എങ്ങനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.

നേരത്തെ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മുസ് ലിം സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി തേടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും ഇബ്രാഹിംകുഞ്ഞ് തയ്യാറകണമെന്ന് കോടതി അന്ന് അപേക്ഷ പരിഗണിക്കവെ പറഞ്ഞിരുന്നു.തുടര്‍ന്ന് ഈ അപേക്ഷ പിന്‍വലിച്ചതിനു ശേഷമായിരുന്നു കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചത്.

ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. അര്‍ബുദ ബാധിതനായ ഇബ്രാഹിം കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ നവംബര്‍ 18 നാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്.

ആശുപത്രിയില്‍ നിന്നും ഇബ്രാഹിംകുഞ്ഞിനെ മാറ്റുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ടിനെ തുടര്‍ന്ന് കോടതി ആശുപത്രിയില്‍ തന്നെ റിമാന്റു ചെയ്യുകയായിരുന്നു. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും മെഡിക്കല്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കോടതി ഇത് തള്ളുകയും ആശുപത്രിയില്‍ വെച്ച് മാത്രം ഉപാധികളോടെ ചോദ്യം ചെയ്യാനായിരുന്നു അനുമതി നല്‍കിയിരുന്നത്.ഇതിനിടയില്‍ ജാമ്യം തേടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റു പുഴ വിജിലന്‍സ് കോടതിയെ സമീപിച്ചുവെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.ഈ മാസം എട്ടിനാണ് ഹൈക്കോടതി ഉപാധികളോടെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചത്.

Post a Comment

0 Comments