NEWS UPDATE

6/recent/ticker-posts

എൽഡിഎഫിനൊപ്പമെന്ന് ലീഗ് വിമതൻ; കൊച്ചി കോർപറേഷനും ഇടത്തേക്ക്

കൊച്ചി: വിമതരെ ഒപ്പം നിർത്താനുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അണിയറ നീക്കത്തിനിടെ ലീഗ് വിമതൻ ടി.കെ.അഷ്റഫ് ഇടതിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി കോർപറേഷൻ ഏറ്റവുമധികം ഡിവിഷനുകൾ സ്വന്തമാക്കിയ എൽഡിഎഫ് തന്നെ കോർപറേഷൻ ഭരിക്കുമെന്ന് ഉറപ്പായി.[www.malabarflash.com]


സിപിഎം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും നഗരത്തിൽ സുസ്ഥിര ഭരണം കാഴ്ചവയ്ക്കുന്ന മുന്നണിയുമായി മുന്നോട്ടു പോകാൻ താൽപര്യപ്പെടുന്നതായും അഷ്റഫ് പ്രതികരിച്ചു. നഗരത്തിലെ ജനങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നവർക്കായിരിക്കും പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മുന്നണികളും പിന്തുണ തേടിയിട്ടുണ്ട്. യുഡിഎഫിന് 31ഉം എൽഡിഎഫിന് 34ഉം അംഗങ്ങളാണുള്ളത്. ഇതിൽ ഭൂരിപക്ഷമുള്ളവരുമായി സഹകരിക്കും. സ്ഥാനങ്ങൾ ലഭിക്കാൻ അർഹതപ്പെട്ട ആളാണ് താൻ. എന്നാൽ യാതൊരു വിലപേശൽ ചർച്ചകളും നടത്തിയിട്ടില്ല. അവർ ഓഫറുകളും മുന്നോട്ടു വച്ചിട്ടില്ല. പിന്തുണ ചോദിച്ചു, സ്ഥിരഭരണം കാഴ്ച വയ്ക്കണം, നഗരത്തിന്റെ വികസനം മുന്നോട്ടു കൊണ്ടുപോകണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇരുമുന്നണികളോടും അകലം പാലിക്കുകയും ഒരു അംഗമെങ്കിലും എൽഡിഎഫിന് പിന്തുണ നൽകുകയും ചെയ്താൽ ഭരിക്കാവുന്ന സാഹചര്യമാണു കൊച്ചി കോർപ്പറേഷനിലുള്ളത്. മുസ്‍ലിം ലീഗ് വിമതൻ ടി.കെ.അഷ്റഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റ് അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ എൽഡിഎഫ് തന്നെ കോർപ്പറേഷൻ ഭരണത്തിലെത്തും. ഇദ്ദേഹം ഉൾപ്പടെ മറ്റു സ്വതന്ത്രരുടെ കൂടി പിന്തുണ ലഭിച്ചാൽ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ.

Post a Comment

0 Comments