Top News

രണ്ടു മക്കളെയും ഭര്‍ത്താവിനെയും പാര്‍ട്ടിക്കാരെയും ഉപേക്ഷിച്ച് കണ്ണൂരിലെ ബി ജെ പി സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി


കണ്ണൂർ: വോട്ടറുടെ തിരോധാനം കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച കഥ നാം കേട്ടിട്ടുണ്ടു, കൊല്ലം ചവറ മണ്ഡലത്തിലെ സരസന്റെ തിരോധാനം കേരളമാകെ ചർച്ച ചെയ്ത സംഭവമാണ്. കേരള കിസിന്ജർ ബേബി ജോണിനെ തോൽവിയുടെ വക്കു വരെ എത്തിച്ച സരസൻ കേസ് എന്ന രാഷ്ട്രീയ നാടകം കേരളം മറന്നിട്ടുണ്ടാകില്ല.[www.malabarflash.com]

എന്നാൽ കണ്ണൂരിൽ നിന്നു കേൾക്കുന്നതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനർത്ഥിയെ തന്നെ കാണ്മാനില്ല എന്ന വാർത്തയാണ്. സംഗതി ഒളിച്ചോട്ടമായിരുന്നു. കണ്ണൂർ മാലൂർ പഞ്ചായത്തിലേക്കു മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്.

ഇലക്ഷൻ പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർത്ഥിയുടെ കടുംകൈ. അവസാനഘട്ട പ്രചരണത്തിനുള്ള തിരക്കിലായിരുന്നു അണികൾ. എല്ലാ വീടുകളിലും ഒന്നു കൂടി ചെന്നു വോട്ടു ഉറപ്പാക്കണം, സ്ലിപ്പുകൾ കൈമാറണം അങ്ങനെ ഒരോ വോട്ടും ഉറപ്പാക്കുന്ന തിരക്കിലായിരുന്ന പ്രവർത്തകരെ എല്ലാം ഉപേക്ഷിച്ചാണ് സ്ഥാനാർത്ഥി കടന്നു കളഞ്ഞത്. 

പ്രചരണ തിരക്കിലായിരുന്ന ഭർത്താവിനോടും പ്രവർത്തകരോടും പേരാവൂരിലെ സ്വന്തം വീട്ടിൽ പോയി കുറച്ചു രേഖകൾ എടുക്കേണ്ടതുണ്ട് എന്നു പറഞ്ഞു പോയ സ്ഥാനാർത്ഥിയെ കാണായതോടെ നടത്തിയ അന്വേഷണത്തിലാണ് കാസറകോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വിവരം ഭർത്താവും നാട്ടുകാരും അറിയുന്നത്.

വിവാഹത്തിനു മുൻപേ സ്ഥാനാർത്ഥിക്കു ഇയാളുമായി അടുപ്പമുണ്ട്. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നു നാട്ടിലെത്തിയ കാമുകൻ ,പഴയ കാമുകിയുമായി വീണ്ടും അടുക്കുകയായിരുന്നു. അങ്ങനെ ഒളിച്ചോടാൻ രണ്ടു പേരും ചേർന്നു തീരുമാനമെടുത്തു. 

സ്ഥാനാർത്ഥി മുങ്ങിയതോടെ ആകെ പരുങ്ങലിൽ ആയിരിക്കുകയാണ് ബിജെപി നേതൃത്വം, സ്വന്തം സ്ഥാനാർത്ഥിയെ പോലും സംരക്ഷിക്കാനാകാത്ത നിങ്ങൾ എങ്ങനെ പഞ്ചായത്തു ഭരിക്കും എന്നുള്ള നാട്ടുകാരുടെ പരിഹാസം വേറെയും. നഷ്ട്ടപ്പെട്ട സ്ഥാനാർത്ഥിക്കായി പ്രവർത്തകരും പൊലീസും ഊർജിതമായ തിരച്ചിൽ നടത്തുന്നുണ്ട്. മാംഗ്ലൂർ ഭാഗത്തും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഭർത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങൾ കാരണം മക്കളുമായി പേരാവൂരിലെ സ്വന്തം വീട്ടിലായിരുന്നു യുവതി കുറച്ചു നാളായി താമസം. ഒരു നാല് ദിവസം കൂടി കാത്തിരുന്നിട്ടു ഒളിച്ചോടിയാൽ പോരായിരുന്നോ എന്നാണ് പ്രവർത്തകരുടെ പരിഭവം, തങ്ങളുടെ സ്ഥാനാർത്ഥി ഇലക്ഷനു മുൻപു തിരിച്ചെത്തും എന്നും ചില പ്രവർത്തകർക്കു പ്രതീക്ഷയുണ്ട്. 

എന്തായാലും യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാവൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post