NEWS UPDATE

6/recent/ticker-posts

വ്യവസായിയെ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി പണവും വാച്ചും കവര്‍ന്ന സംഭവം: മുഖ്യപ്രതി പോലിസ് പിടിയില്‍

കൊച്ചി: വ്യവസായിയെ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി മൈസൂരില്‍വച്ച് മുറിയില്‍ പൂട്ടിയിട്ട് പണവും വിലയേറിയ വാച്ചും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതിയെ പോലിസ് അറസ്റ്റു ചെയ്തു.[www.malabarflash.com]

കോഴിക്കോട് കുറ്റ്യാടി, കായക്കൊടി മടയനാര്‍ പൊയ്യില്‍ വീട്ടില്‍ അജ്മല്‍ ഇബ്രാഹിം (32)നെയാണ് എറണാകുളം എ സി പി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

എറണാകുളത്ത് വ്യാപാരം നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് 2019 ഫെബ്രുവരിയില്‍ തട്ടിപ്പിനിരയായത്.

പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. തുടര്‍ന്ന് മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിലെത്തിത്തിച്ചു. അവിടെ പെണ്‍കുട്ടിയും 
പെണ്‍കുട്ടിയുടെ മാതാപിതാക്കളെന്നു പറഞ്ഞവരും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ വ്യവസായിയെ മുറിയില്‍ കയറ്റിയ ശേഷം പ്രതികള്‍ മുറി പുറത്ത് നിന്നു പൂട്ടി. തൊട്ടു പിന്നാലെ കര്‍ണാടക പോലിസ് എന്നുപറഞ്ഞ് കുറച്ച് പേര്‍ വീട്ടിലെത്തി. ഇവര്‍ മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തി യുവതിക്കൊപ്പം നിര്‍ത്തി നഗ്‌ന ഫോട്ടോകള്‍ എടുത്തശേഷം ലക്ഷം രൂപയും വിലകൂടിയ വാച്ചും കവര്‍ന്നു.

തുടര്‍ന്ന് ബ്ലാങ്ക് മുദ്ര പത്രങ്ങളില്‍ ഒപ്പിടുവിച്ചു. പിന്നീട് നാദാപുരത്തെത്തിച്ച് വ്യവസായില്‍ നിന്നും പ്രതികള്‍ വീണ്ടും രണ്ടു ലക്ഷം രൂപ കൈക്കലാക്കി. മയക്കുമരുന്നു കേസിലും ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യവസായി പോലിസില്‍ പരാതി നല്‍കിയത്.

കേസിലെ രണ്ടും മൂന്നാം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പു സംഘാംഗങ്ങള്‍ തന്നെയായിരുന്നു ബ്രോക്കര്‍മാരായെത്തിയതെന്ന് പോലിസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. എസ് ഐ മാരായ അരുള്‍ എസ് ടി, ഫുള്‍ജന്‍, എ എസ് ഐ ഗോപി എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Post a Comment

0 Comments