Top News

ഉരുട്ടിക്കൊല: വധശിക്ഷ വിധിക്കപ്പെട്ട ഉദ്യോഗസ്ഥൻ അർബുദം മൂലം മരിച്ചു

നെയ്യാറ്റിൻകര: ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവിൽ പോലീസ് ഓഫിസർ എസ്.വിശ്രീകുമാർ(43) അർബുദത്തെത്തുടർന്ന് മരിച്ചു.[www.malabarflash.com]

നെയ്യാറ്റിൻകര കോൺവെന്റ് റോഡ് തങ്കം ബിൽഡിങ്സിലാണു താമസം. വിധി വന്ന് ജയിലിൽ എത്തി അഞ്ചാംനാളാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് കാവലിൽ തിരുവനന്തപുരം ആർസിസിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസയിലായിരുന്നു.

പിന്നീട് വീട്ടിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം രോഗം ഗുരുതരമായി ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

മുട്ടത്തറ സ്വദേശിയായ ഉദയകുമാറിനെ ഫോർട് പോലീസ് സ്റ്റേഷനുള്ളിൽ ഉരുട്ടികൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളിലൊരാളായിരുന്നു ശ്രീകുമാർ. മോഷ്ടാവെന്ന പേരിൽ കസ്റ്റഡിയിലെടുത്ത ആക്രിക്കട തൊഴിലാളി ഉദയകുമാർ (28) തുടയിലെ രക്തധമനികൾ ചതഞ്ഞുപൊട്ടി 2005 സെപ്റ്റംബർ 27നു മരിച്ച കേസിലായിരുന്നു വധശിക്ഷ. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ജിതകുമാർ എന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും വധശിക്ഷ വിധിച്ചു. രണ്ടു മുഖ്യപ്രതികളും ചേർന്നു 4.2 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് ഇതിൽ നാലുലക്ഷം രൂപ നൽകണമെന്നുമായിരുന്നു കോടതി വിധി. മറ്റു മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കു തടവുശിക്ഷ വിധിച്ചിരുന്നു. കൊലയിൽ നേരിട്ടു പങ്കുള്ളതായി കണ്ടെത്തിയ മൂന്നാം പ്രതി സോമൻ വിചാരണയ്ക്കിടെ മരിച്ചു.

Post a Comment

Previous Post Next Post