NEWS UPDATE

6/recent/ticker-posts

സിഎജി റിപ്പോർട്ടിലെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ

തിരുവനന്തപുരം: അവകാശ ലംഘനപരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കർ. സിഎജി റിപ്പോർട്ട്‌ ചോർത്തി എന്ന പ്രതിപക്ഷ പരാതിയിൽ ആണ് നടപടി. [www.malabarflash.com]

ലൈഫ് മിഷനിൽ നിയമസഭാസെക്രട്ടറിക്ക് നൽകിയ വിശദീകരണം മാധ്യമങ്ങൾക്ക് ചോർന്നതിനെക്കുറിച്ച് ഇ ഡിയോട് വിശദീകരണം തേടാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു.

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസ്. നിയമസഭയിൽ വയ്ക്കും വരെ രഹസ്യസ്വഭാവം നിലനിർത്തേണ്ട രേഖകൾ മന്ത്രി തന്നെ പുറത്തു വിട്ടത് ഗൗരവതരമെന്നും സഭയോടുളള അനാദരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു, വി ഡി സതീശൻ എംഎൽഎ നോട്ടീസ് നൽകിയത്. ഈ നോട്ടീസിന് എത്രയും പെട്ടെന്ന് മറുപടി നൽകാനാണ് സ്പീക്കർ നിർദേശം നൽകിയത്. നേരത്തെ നിയമസഭ എത്തിക്സ് ആന്‍റ് പ്രിവിലേജ് കമ്മറ്റി യോഗത്തിൽ ഈ നോട്ടീസ് പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ലൈഫ്മിഷൻ പദ്ധതിയുടെ ഫയലുകൾ വിളിച്ച് വരുത്തിയ നടപടിക്കെതിരെ ജയിംസ് മാത്യു എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിൽ ഇഡിയോട് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇഡിയോട് വിശദീകരണം തേടാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ സമിതിക്ക് മുന്നിലെത്തുന്നതിന് മുൻപ് ഇഡിയുടെ മറുപടി മാധ്യമങ്ങളിൽ വന്നുവെന്നും ഇത് ചട്ടലംഘനമെന്നും എത്തിക്സ് കമ്മിറ്റിയുടെ വിലയിരുത്തി.

ഏത് പദ്ധതിയുടെയും ഫയലുകള്‍ ആവശ്യപ്പെടാൻ അധികാരമുണ്ടെന്നായിരുന്നു ഇഡി നൽകിയ മറുപടി. നിയമസഭയുടെ ഒരു അധികാരവും എൻഫോഴ്സ്മെന്‍റ് ലംഘിച്ചിട്ടില്ലെന്നും ഇഡി വിശദീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം പരിശോധിക്കാതെ ചർച്ച ചോർച്ചയിലേക്ക് മാറ്റിയതിനെ സമതിയിലെ പ്രതിപക്ഷാംഗങ്ങളായ അനൂപ് ജേക്കബും വി എസ് ശിവകുമാറും എതിർക്കുകയും ചെയ്തു.

Post a Comment

0 Comments