NEWS UPDATE

6/recent/ticker-posts

പ്രവാചക നിന്ദക്കെതിരെ ആഗോള മുസ്‌ലിം പണ്ഡിതർ; ലോക ശ്രദ്ധയാകർഷിച്ചു മീലാദ് സമ്മേളനം

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ അവഹേളിച്ചു സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നതിനെതിരെ മുസ്‌ലിം ലോകത്തെ പ്രധാന പണ്ഡിതർ.[www.malabarflash.com] 

കരുണയുടെയും സ്നേഹത്തിന്റെയും സമഭാവനയുടെയും ഉദാത്ത മാതൃകയായിരുന്ന നബി ജീവിതത്തെ തെറ്റായി അവതരിപ്പിക്കാനുള്ള മധ്യകാലം മുതലുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്, ഓരോ നൂറ്റാണ്ടിലും നബി ജീവിതത്തിൽ ആകൃഷ്ടരായി വരുന്ന അനേക ലക്ഷം മനുഷ്യരെന്നും, തെറ്റായ പ്രതിനിധാന ശ്രമങ്ങൾ അപരിചിതരെയടക്കം നബിയെ കുറിച്ച് പഠിക്കാനും അതുവഴി സത്യം മനസ്സിലാക്കാനും പ്രേരിപ്പിക്കുന്നുവെന്നും ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൗഖി അല്ലാം വ്യക്തമാക്കി. 

മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ധൈഷണിക വരൾച്ച മാറണമെങ്കിൽ, നബി പഠിപ്പിച്ച ശാശ്വതമായി നിലനിൽക്കുന്ന മൂല്യങ്ങളിലേക്കു മനുഷ്യർ തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ നിഖില മേഖലകളിലും ഒരു വ്യക്തിക്ക് മാതൃകയാവാൻ നബിയുടെ ജീവിതം പ്രാപ്തമാണെന്നു ശൈഖ് ഉസാമ രിഫാഈ ലബനാൻ പറഞ്ഞു. ലോകത്തിനു മുഴുവൻ കാര്യമായിരുന്നു അവിടുന്ന്. വിശ്വാസികൾക്ക് മാത്രമല്ല, കഠിനമായ ശത്രുത കാണിച്ചവരോട് പോലും അഗാധമായ കരുണ നബി കാണിച്ചുവെന്നും, ആ പാഠങ്ങൾ സ്ഖലിതങ്ങളിലാതെ ലോകത്തിനു പകർന്നുനൽകണമെന്നും അദ്ദേഹം പറഞ്ഞു.

അനാഥനായി പിറന്ന മുഹമ്മദ് നബി, സമൂഹത്തിൽ അബലരായ എല്ലാവരുടെയും ഉന്നമനം സാധ്യമാക്കുന്ന വിധത്തിലുള്ള മഹത്തായ കാഴചപ്പാടുകൾ ലോകത്തിന് പകർന്നു നൽകിയെന്ന് ചെച്നിയൻ ഗ്രാൻഡ് മുഫ്തി ശൈഖ് സ്വാലിഹ് മസീവ് പറഞ്ഞു.

മതത്തിന്റെ ശരിയായ നിലപാടാണ് നബിയോടുള്ള ഏറ്റവും വലിയ സ്നേഹവും, നബിയുടെ മാതൃകകകളെ പൂർണ്ണമായി പിൻപറ്റുകയെന്നതെന്നും
പ്രശസ്ത ഹദീസ് പണ്ഡിതനായ ശൈഖ് മുഹമ്മദ് അവ്വാം സിറിയ പറഞ്ഞു.

ചരിത്രത്തിൽ തുല്യതയില്ലാത്ത വിധത്തിലുള്ള ആക്രമങ്ങൾ കാണിച്ചിട്ടും, മക്കയിലെ അവിശ്വാസികൾക്കെല്ലാം മാപ്പ് നൽകിയ ചരിത്രമാണ് നബി ജീവിതത്തിൽ ഉടനീളം കാണാനാവുന്നതെന്നും, ലളിതവും സുന്ദരവുമായ ആ വ്യക്തിത്വമാണ് ഇസ്‌ലാമിന്റെ നിരായുധവും, ബൗദ്ധികവുമായ വ്യാപനത്തിന് പിന്നീട് നിമിത്തമായത് എന്നും പ്രമുഖ എഴുത്തുകാരനായ ശൈഖ് മുഹമ്മദ് യാഖൂബി മൊറോക്ക പറഞ്ഞു.

ലഹരി വിപാടനം ചെയ്തതിലൂടെ സമൂഹത്തെ ശുദ്ധിയാക്കുകയും, കുടുംബ ജീവിതത്തിന് ഉത്തമമായ മാതൃകകൾ കാണിച്ചതിലൂടെ സാമൂഹിക ജീവിതം ഭദ്രമാക്കുകയും ചെയ്തവരാണ് മുഹമ്മദ് നബിയെന്നു തുനീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ഹിശാം ഖരീസ പറഞ്ഞു.

ജാപ്പനീസ് ഭാഷയിലുള്ള മൗലിദുകൾ ആലപിച്ചു, മുസ്‌ലിം ജീവിതത്തിന്റെ കാവ്യാത്മകതയെ സമ്പുഷ്ടമാക്കിയ മൗലിദുകൾ വിവരിച്ചായിരുന്നു ജപ്പാനിലെ ശൈഖ് അഹ്മദ് നവോകിയുടെ പ്രഭാഷണം. പ്രവാചകത്വ പദവിക്ക് മുമ്പേ ഒരു തെറ്റ് പോലും വരാതെ വിശുദ്ധമായ നബി ജീവിതം പൂർണമായി വായിക്കുന്ന വിധത്തിൽ ലോകത്തെ മുഖ്യധാരാ പണ്ഡിതരുടെ കൂട്ടായ ശ്രമങ്ങൾ നടക്കണമെന്നു അൽബേനിയൻ മുഫ്തി ശൈഖ് മുഹമ്മദ് ബിസ്തരി പറഞ്ഞു.

ഈ വർഷത്തെ റബീഉൽ അവ്വലിൽ ലോകത്ത് നടന്ന ഏറ്റവും പ്രധാന മീലാദ് സമ്മേളനങ്ങളിലൊന്നായിരുന്നു മർകസിൽ അരങ്ങേറിയത്. മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. സുൽഫിക്കലി അൽ ബക്രിയാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. 

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദിയറിയിച്ചും ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മുസ്‌ലിംകൾക്ക് വേണ്ടി പ്രാർത്ഥിച്ചുമാണ് ഓരോ അതിഥികളും പ്രഭാഷണം അവസാനിപ്പിച്ചത്. വിവിധ രാഷ്ട്രങ്ങളിലെ മാധ്യമങ്ങളും സമ്മേളനം ശ്രദ്ധേയമായ വിധത്തിൽ റിപ്പോർട്ട് ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ സമാഹരിച്ചുള്ള അറബി ഗ്രന്ഥം മർകസ് ഉടനെ പുറത്തിറക്കുമെന്ന് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു.

Post a Comment

0 Comments