NEWS UPDATE

6/recent/ticker-posts

ദുബൈയില്‍ മദ്യ കള്ളക്കടത്ത് സംഘം പോലീസിനെ ആക്രമിച്ചു; ഒന്‍പത് പേര്‍ അറസ്റ്റില്‍

ദുബൈ: കത്തികളും മദ്യക്കുപ്പികളുമായി പോലീസിനെ ആക്രമിച്ച ഒന്‍പതംഗ സംഘത്തിനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി.[www.malabarflash.com] 

ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെ ഒരു കെട്ടിടത്തില്‍ റെയ്‍ഡ് നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്‍ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഒന്‍പത് നൈജീരിയന്‍ സ്വദേശികള്‍ പോലീസിനെ ആക്രമിച്ചത്.

രാത്രി 11 മണിയോടെയാണ് സ്ഥലത്ത് പോലീസ് റെയ്‍ഡ് നടത്തിയത്. മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയെങ്കിലും ഇവര്‍ കീഴടങ്ങാന്‍ വിസമ്മതിച്ചു. ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‍പ്പെടുത്തി പോലീസ് വാഹനത്തിലേക്ക് മാറ്റി. ചോദ്യം ചെയ്യാനായി ജബല്‍ അലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഘത്തിന്റെ ആക്രമണം. ഒന്‍പതംഗ സംഘം കത്തികളും മദ്യക്കുപ്പികളുമായാണ് പോലീസിനെ ആക്രമിച്ചത്.

23കാരനായ ഒരു പോലീസ് ഉദ്യേഗസ്ഥന്റെ തലയില്‍ കുപ്പി കൊണ്ടടിച്ചു. ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്‍തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ദുബൈ ഹോസ്‍പിറ്റലിലേക്ക് മാറ്റി. പിന്നീട് പോലീസ് ഒന്‍പത് പേരെയും അറസ്റ്റ് ചെയ്‍തു. 

ആക്രമിക്കാനുപയോഗിച്ച കത്തികളും മദ്യവില്‍പനയിലൂടെ ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തു. എല്ലാവരും സന്ദര്‍ശക വിസകളില്‍ രാജ്യത്തെത്തിയവരാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിച്ചതിന് ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ പിന്നീട് നടക്കും. പ്രതികളെല്ലാം പോലീസ് കസ്റ്റഡിയിലാണ്.

Post a Comment

0 Comments