Top News

ഉദുമയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നതില്‍ ആശങ്ക; ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

ഉദുമ: ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നതില്‍ ആശങ്ക. പാലക്കുന്നിലും കോട്ടിക്കുളം തൃക്കണ്ണാട് തീരദേശമേഖലയിലും കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുതലുളളത്.[www.malabarflash.com]

ജൂലായ് 24ന് പാലക്കുന്നിലെ ഒരു യുവാവിനും തുടര്‍ന്ന് വീട്ടിലെ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കുന്ന് കോവിഡ് ബാധിത പ്രദേശമാകുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. 27ന് ഇതേ വാര്‍ഡില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത് നാട്ടുകാരില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.

29ന് പാലക്കുന്ന് ടൗണിലെ പതിനേഴാം വാര്‍ഡില്‍ പെട്ട ഒരു കടയിലെ ജീവനക്കാരനായ എട്ടാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ക്കും ആ കടയുടെ ഉടമയായ 16ാം വാര്‍ഡിലെ താമസക്കാരനും രോഗം സ്ഥിരീകരിച്ചു. കിഴക്കേ ടൗണിലെ മത്സ്യവില്‍പ്പനക്കാരിക്കും കോട്ടിക്കുളത്തെ 55കാരനും കോവിഡ് ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒരു വ്യാപാരിക്കും രോഗം സ്ഥിരീകരിച്ചതോടെ കോട്ടിക്കുളം തീരദേശമേഖലയിലെ രോഗികളുടെ എണ്ണം ഉയര്‍ന്നു.

നിരീക്ഷണത്തിലായിരുന്ന 18ാം വാര്‍ഡിലെ ഒരു യുവതിക്കും പോസിറ്റീവായി. ശനിയാഴ്ച ഈ പ്രദേശത്തെ 11 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായതോടെ പാലക്കുന്നിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ്. കോട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
അതിനിടെ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ഈ യുവാവ് കാസറകോട് തായലങ്ങാടിയില്‍ വസ്ത്ര കട നടത്തി വരികയായിരുന്നു. എന്നാല്‍ യുവാവിന് രോഗം പടര്‍ന്നത് എവിടെന്നത് വ്യക്തമല്ല. ഇതോടെ നാലാംവാതുക്കല്‍ മുല്ലച്ചേരി പ്രദേശത്തുളളവരും ആശങ്കയിലാണ്.

അടുത്ത ദിവസങ്ങളില്‍ ഉദുമ പഞ്ചായത്തില്‍ സ്രവപരിശോധനക്കായി കൂടുതല്‍ ക്യാമ്പുകള്‍ നടത്തണമെന്ന് പഞ്ചായത്തംഗങ്ങളും ജാഗ്രതാസമിതികളും അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post