NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

പ്രവാസികള്‍ക്ക് ധനസഹായത്തിനായി 50 കോടി; കോവിഡ് പോരാളികള്‍ക്ക് അധിക ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5,000 രൂപവീതം ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 50 കോടിരൂപ നോര്‍ക്ക റൂട്‌സിന് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.[www.malabarflash.com]

നേരത്തെ അനുവദിച്ച എട്ടരക്കോടി രൂപയ്ക്ക് പുറമെയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ജീവനക്കാര്‍ക്ക് പ്രതിഫലം പരിമിതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കരാര്‍, ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രതിമാസം 22,68,00,000 രൂപ അധിക ബാധ്യതയായി അനുവദിക്കും.
മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ ഗ്രേഡ് ഒന്നിലാണ് വരുന്നത്. അവരുടെ കുറഞ്ഞ വേതനം 40,000 എന്നത് 50,000 ആയി ഉയര്‍ത്തും. 20 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.
സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍, ഡെന്റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.
മൂന്നാമത്തെ വിഭാഗത്തില്‍പ്പെടുന്ന സ്റ്റാഫ് നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ടെക്‌നീഷ്യന്മാര്‍ തുടങ്ങിയവര്‍ക്ക് കുറഞ്ഞ പ്രതിമാസ വേതനം 13,500 ആണ്. ഇത് 20,000 ആയി ഉയര്‍ത്തും. 25 ശതമാനം റിസ്‌ക് അലവന്‍സും ഇവര്‍ക്ക് അനുവദിക്കും.
ലാസ്റ്റ് ഗ്രേഡ് ദിവസ വേതനക്കാര്‍ക്ക് ദിവസ വേതനത്തിന് പുറമെ 30 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി അധിക ജീവനക്കാരുണ്ടെങ്കില്‍ ഇന്‍സെന്റീവുകളും റിസ്‌ക് അലവന്‍സും പുതുതായി നിയമിക്കപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും അനുവദിക്കും
കോവിഡ് ഹെല്‍ത്ത് പോളിസി പാക്കേജുകള്‍, കെഎഎസ്പി സ്‌കീമിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്ക് നല്‍കും
കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും .

മന്ത്രിസഭാ യോഗത്തിന്റെ മറ്റുതീരുമാനങ്ങള്‍
2020-21 അധ്യയന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്ലസ് വണ്‍ കോഴ്‌സിന് മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തും.
കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റുജില്ലകളില്‍ 10 ശതമാനവുമാവും സീറ്റ് വര്‍ധന.
വര്‍ധിപ്പിച്ച സീറ്റുകളില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാത്ത രീതിയില്‍ നിലവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏകജാലക സംവിധാനം വഴി പ്രവേശനം നടത്തും.
അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ക്ക് സീറ്റ് വര്‍ധന ബാധകമായിരിക്കില്ല
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കോവിഡ് പശ്ചാത്തലത്തിലുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത് 36,36,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.
2018 ലെ മഹാപ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച, വ്യാപാരിക്ഷേമബോര്‍ഡ് അംഗമല്ലാത്ത 10,800 വ്യാപാരികള്‍ക്ക് 5000 രൂപവീതം ധനസഹായം അനുവദിക്കുന്നതിനായി 5,40,000 രൂപ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. റെവന്യൂ അധികൃതരുടെയും തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെയും സെക്രട്ടറിയുടെയും റിപ്പോര്‍ട്ടിന്റെയും സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലാവും ധനസഹായം.
രാത്രി ഏഴ് മുതല്‍ രാവിലെ ആറുവരെ രാത്രി ഷിഫ്റ്റില്‍ സ്ത്രീകളെ ഫാക്ടറികളില്‍ ജോലിചെയ്യാന്‍ അനുമതി നല്‍കുന്നതിനായി 1948 ലെ ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 66 ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
സഹകരണ വകുപ്പില്‍ 1986 മുതല്‍ താത്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കുടിശിക നിവാരണ ഓഡിറ്റര്‍മാരുടെ 75 തസ്തികകള്‍ ധനകാര്യ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി സ്ഥിരം തസ്തികയാക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. 

Post a Comment

0 Comments