NEWS UPDATE

6/recent/ticker-posts

മുഖ്യമന്തിയുടെ മകൾ വീണയും മുഹമ്മദ്​ റിയാസും വിവാഹിതരാകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡൻറ്​ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം.[www.malabarflash.com]

വീണ ബംഗളൂരുവില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എസ്.എഫ്.‌ഐ വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്സഭ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇര​ുവരും മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയവരാണ്​.

റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി എം അബ്ദുൽഖാദറിന്റെ മകനായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച റിയാസ് പക്ഷേ ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുകയായിരുന്നു.

കോഴിക്കോട് സെന്റജോസഫ് ബോയസ് ഹൈസ്‌ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രാഷ്ട്രീയ രംഗത്ത് വന്നു. പിന്നീട് ഫറൂഖ് കോളജിലും ലോ കോളജിലും എസ്എഫ്ഐയുടെ അറിയപ്പെടുന്ന നേതാവായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തന മേഖല ഡിവൈഎഫ്ഐയിലേക്ക് മാറ്റുകയായിരുന്നു.

2017ൽ കൊച്ചിയിൽ നടന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിയാണ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതുവരെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് സ്ഥാനമൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്.

ബീഫ് കൊലകളും ന്യനപക്ഷ വേട്ടകളും അടക്കമുള്ള ഒരു പാട് വിഷയങ്ങളിൽ സംഘടനയെ ചലിപ്പിക്കാൻ മുഹമ്മദ് റിയാസിനായി. സിപിഎമ്മിന്റെ ഒരു പോഷക സംഘടന എന്ന നിലവാരത്തിൽനിന്ന് മാറി ഡിവൈഎഫ്ഐക്ക് സ്വതന്ത്രമായ അസ്തിത്വം വേണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യനേതാവുവരെയായി മുഹമ്മദ് റിയാസ് ഉയർന്നു. ഇപ്പോൾ ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ മുഖമാണ് റിയാസ്.

ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2016ൽൽ വിവാഹമോചനം നേടുകയായിരുന്നു. ഈ സമയത്ത് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി റിയാസിനെ വിവാദത്തിലാക്കി. 

പിണറായി വിജയന്റെ മകളും എ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണയുടെയും രണ്ടാം വിവാഹം ആണിത്. 

വീണയുമായുള്ള വിവാഹം ആറുമാസം മുമ്പുതന്നെ റിയാസ് കോഴിക്കോട്ടെ ഡിവൈഎഫ്ഐയിലെ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു. 2 വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. രാഷ്ട്രീയവും വികസനവും അടക്കമുള്ള എന്ത് വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ എന്നാണ് റിയാസ് പറഞ്ഞിരുന്നത്.

Post a Comment

0 Comments