NEWS UPDATE

6/recent/ticker-posts

യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ക്രെെംബ്രാഞ്ച് വീട്ടില്‍ തെളിവെടുപ്പ് നടത്തി

കൊല്ലം: അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദേശം നൽകി.[www.malabarflash.com] 

നിർദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനും സംഘവും വെള്ളിയാഴ്ച  രാവിലെ 11 മണിയോടുകൂടി മരിച്ച ഉത്തരയുടെ വീട്ടിൽ എത്തി തെളിവെടുപ്പും വിവരശേഖരണവും നടത്തി.

ഉത്തരയുടെ മാതാപിതാക്കളും സഹോദരനും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരുമകൻ സൂരജ് തങ്ങളുടെ മകളെ പാമ്പിനെ കൊണ്ടുവന്ന് കൊത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നുമുള്ള മൊഴിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിലും നൽകിയത്. 

ഉത്തര പാമ്പുകടിയേറ്റ് മരിച്ചുകിടന്ന മുറി വിശദമായി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം തൊട്ടടുത്ത റബ്ബർ തോട്ടത്തിൽ നിന്നും പാമ്പ് റൂമിലേക്ക് കയറി വരാൻ കഴിയുന്ന സാധ്യതകളെക്കുറിച്ചും പരിശോധിച്ചു.

ഇതിന് പുറമേ അയൽവാസികളുടെ മൊഴിയും രേഖപ്പെടുത്തി. പരിസരപ്രദേശങ്ങളിൽ ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെന്നും ഉത്തരയെ കടിച്ച പോലെയുള്ള വലിയ പാമ്പിനെ ആരും കണ്ടിട്ടില്ല എന്നുമാണ് അയൽവാസികൾ മൊഴി നൽകിയിരിക്കുന്നത്. 

ഉത്തരയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നുള്ള വിലയിരുത്തലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും. ശനിയാഴ്ച  എസ്പിക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേസന്വേഷണം പൂർണമായി ക്രൈംബ്രാഞ്ചിന് വിട്ടിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് ഡിവൈഎസ്പിയോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മാത്രമാണ് നിർദേശം നൽകിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് പഠിച്ച ശേഷം മാത്രമേ അന്വേഷണ സംഘം രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുവെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. 

എസ്‌ഐമാരായ അബ്ദുൾ സലാം, മുരുകൻ, മിർസ്സ, എസ്‌സിപിഒമാരായ അഖിൽ പ്രസാദ് ,സജീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments