NEWS UPDATE

6/recent/ticker-posts

കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും

കൊച്ചി: കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളിൽ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ശേഷമാണ് ഈ കേസിൽ റിപ്പർ സേവ്യർ ശിക്ഷിക്കപ്പെട്ടത്.[www.malabarflash.com]

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തേവര സ്വദേശിയായ പണിക്കർ കുഞ്ഞുമോൻ എന്ന റിപ്പർ സേവ്യറിനെ ശിക്ഷിച്ചത്. 

2016 മാർച്ച് 9-ന് സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണൻ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുകയിൽ 75,000 രൂപ ഉണ്ണികൃഷ്ണൻറെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

എറണാകുളം നോർത്ത് ഇ.എസ്.ഐ. ആശുപത്രിക്ക് എതിർവശത്തുള്ള ഓലഷെഡ്ഡിൽ വെച്ചായിരുന്നു റിപ്പർ സേവ്യർ ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയത്. സേവ്യറും ഉണ്ണികൃഷ്ണനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. ഇതിനിടയിൽ കോൺക്രീറ്റ് കട്ട കൊണ്ട് സേവ്യർ ഉണ്ണികൃഷ്ണൻറെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. നെഞ്ചും വാരിയെല്ലും തകർന്ന ഉണ്ണികൃഷ്ണൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാഴ്ചക്കകം റിപ്പർ സേവ്യർ പോലീസ് പിടിയിലായി.

ഇതുൾപ്പെടെ 9 പേരെ കല്ലിനിടിച്ച് കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ റിപ്പർ സേവ്യർ വെളിപ്പെടുത്തിയിരുന്നു. 2007ൽ തൃക്കാക്കര മുനിസിപ്പൽ ഷോപ്പിങ് കോപ്ലക്‌സിന് മുന്നിൽ 75 വയസുള്ള വയോധികൻ, 2008ൽ കലക്ടറേറ്റിനു സമീപമുള്ള ചായക്കടയ്ക്ക് മുന്നിൽ 40 വയസുകാരൻ, കളമശേരിയിൽ 70കാരനായ അബ്ദു ഖാദർ, വരാപ്പുഴ ചെറിയപള്ളിക്കു സമീപത്തുവച്ച് 72കാരൻ പ്രതാപചന്ദ്രൻ, 2009ൽ ബ്രോഡ്‌വേയ്ക്കുസമീപം കടയരികിൽവച്ച് തമിഴ്‌നാട് സ്വദേശി സന്താനം(60), മാർക്കറ്റ് റോഡിൽവച്ച് തകര(60), 2014ൽ ആസാദ് റോഡിൽ ചേരാതൃക്കോവിലിനു സമീപം പരമേശ്വരൻ(70), 2015ൽ നോർത്ത് റെയിൽവേ മേൽപ്പാലത്തിനു കീഴിൽ തമിഴ്‌നാട് സ്വദേശി സെൽവം(28) എന്നിവരെ കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റസമ്മതം. പണം മോഷ്ടിക്കാനായിരുന്നു കൊലപാതകങ്ങളെന്നും സമ്മതിച്ചിരുന്നു.

2007 മുതൽ 2016 വരെയുള്ള ഒൻപത് വർഷത്തിനിടെയാണ് ഇയാൾ ഇത്രയും കൊലപാതകം നടത്തിയത്. ലഹരിക്ക് അടിമയായിരുന്ന സേവ്യർ കഞ്ചാവും മയക്കുമരുന്നും ആംപ്യൂൾ ഗുളികകളും സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് കൊലപാതകങ്ങളിൽ ചെന്നു കലാശിക്കുന്നത്. വഴിയോരത്ത് കിടന്നുറങ്ങുന്ന ഭിക്ഷാടകരും അനാഥരുമായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. ഇയാൾ കൊലപ്പെടുത്തിയ പലരേയും കൃത്യമായി തിരിച്ചറിയാൻ പോലും പോലീസ് ബുദ്ധിമുട്ടിയിരുന്നു.

രാത്രി ഉറങ്ങി കിടന്നിരുന്നവരുടെ പോക്കറ്റും മറ്റും തപ്പി പണം എടുക്കുന്നതായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ആരേങ്കിലും ഇതു ചോദ്യം ചെയ്താൽ സ്ഥലം വിടുന്ന ഇയാൾ രാത്രിയോടെ തിരിച്ചെത്തി കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയാണ് പതിവ്. പുലർച്ചെയോടെ താമസസ്ഥലത്ത് തിരിച്ചെത്തുന്നതിനാൽ തന്നെ ഇയാളെ കൂടെ താമസിക്കുന്നവരും സംശയിച്ചിരുന്നില്ല.

ഉണ്ണിയുടെ കൊലയിൽ പിടികൂടിയ ഇയാളെ മനശാസ്ത്രവിദഗ്ദ്ധൻ്റെ സഹായത്തോടെയാണ് പോലീസ് ചോദ്യം ചെയ്തതും കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നതും. എന്നാൽ ഒൻപത് കൊലക്കേസുകളിൽ എട്ടെണ്ണത്തിലും തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ഇയാളെ വിട്ടയച്ചിരുന്നു. 

പലസ്ഥലങ്ങളിലും വച്ച് ബഹളം വച്ചതിനും അടിയുണ്ടാക്കിയതിനും ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും മറ്റു കേസുകളൊന്നും ഇയാളുടെ പേരിലില്ലായിരുന്നു.

Post a Comment

0 Comments