Top News

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്നു കേന്ദ്രം

ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.[www.malabarflash.com]

അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്.

ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയറാക്കിക്കൊണ്ടിരിക്കുകയാണ്. നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ വിമാനങ്ങളാണ് ഇവരുടെ യാത്രയ്ക്കായി ഒരുക്കുന്നത്. മേയ് 7 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. വിമാനത്തില്‍ കയറും മുന്‍പ് പരിശോധന നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാവും യാത്രയ്ക്ക് അനുവദിക്കുക. യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ പാലിക്കണം.

നാട്ടിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരും ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളങ്ങളിൽ എത്തി മറ്റു പ്രദേശങ്ങളിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ സേതു ആപ് വഴിയാകും. നാട്ടിലെത്തിയാൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും അറിയിച്ചു. ആശുപത്രികളിലോ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാവും ക്വാറന്റീനില്‍ കഴിയേണ്ടത്. ക്വാറന്റീൻ കഴിയുമ്പോൾ കോവിഡ് പരിശോധന നടത്തും.

Post a Comment

Previous Post Next Post