NEWS UPDATE

6/recent/ticker-posts

പെരുന്നാൾ ദിനത്തിലെ ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണിന് ഇളവ്. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് പരിമിതമായ ഇളവാണ് നല്‍കുന്നത്. വാഹനങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് പുറമേ ചെരുപ്പ് കടകള്‍ക്കും ഫാന്‍സി സ്റ്റോറുകള്‍ക്കുമാണ് അനുമതി. ഈദ് ഗാഹുകള്‍ ഉണ്ടാവുകയില്ല. വീടുകളില്‍ നമസ്ക്കാരം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.[www.malabarflash.com]

ഞായാറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ നടത്തുന്ന സംസ്ഥാനത്ത് പെരുന്നാള്‍ ദിനമായതിനാൽ  ഒരു ദിവസത്തെക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ ലഭിക്കുന്ന ചില ഇളവുകള്‍ ഞായാറാഴ്ചയുണ്ടാകും. 

ചെറിയ പെരുന്നാള്‍ ദിനമായതിനാലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കുന്നത്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകള്‍ക്ക് പുറമേ ബേക്കറികള്‍, മധുരം വില്‍ക്കുന്ന കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, തുണിക്കടകൾ എന്നിവയ്ക്കാണ് ഞായാറാഴ്ച പ്രവര്‍ത്തിക്കാന്‍ അനുമതി.

പെട്രോള്‍ പമ്പുകള്‍ തുറക്കാം. ഇറച്ചി, മീന്‍ എന്നിവ വിൽക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പതിനൊന്ന് വരെ പ്രവർത്തിക്കാം.. റസ്റ്ററൻന്റുകളിൽ പാഴ്സലുകള്‍ പതിവ് പോലെ ആകാം. എന്നാൽ സ്വര്‍ണക്കടകള്‍, ബാര്‍ബര്‍ ഷോപ്പ് ഉള്‍പ്പടെ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.

ജില്ലകൾക്കുള്ളില്‍ പരിമിതമായുള്ള പൊതുഗതാഗതം ഞായാറാഴ്ചയുണ്ടാകും. സ്വകാര്യവാഹനങ്ങള്‍, ഓട്ടോ ടാക്സി സര്‍വീസുകളും തടയില്ല. ജില്ല വിട്ട് സമീപജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കില്ല. പക്ഷേ ഏഴു മണിക്ക് ശേഷമുള്ള യാത്രാ വിലക്കുണ്ടാകും. 

ഈദ് ഗാഹുകള്‍ വീട്ടില്‍ തന്നെ നടത്തണമെന്ന് മതപണ്ഡിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. സാമൂഹിക അകലം പാലിച്ചുവേണം എല്ലാവരും വീടുകളില്‍ ഒത്തുചേരാന്‍ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Post a Comment

0 Comments