Top News

എച്ച്.ഐ.വി മരുന്ന് നല്‍കിയ ബ്രിട്ടീഷ് പൗരന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്‌

കൊച്ചി: കോവിഡ് രോഗബാധിതരായി എറണാകുളം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രത്യേക ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചുപേരുടെ പുതിയ പരിശോധനഫലം നെഗറ്റിവ്.[www.malabarflash.com]

മൂന്നാറിൽ സമ്പർക്കവിലക്കിൽ ഇരിക്കെ ദുബൈ വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച വിനോദസഞ്ചാരി, ഇദ്ദേഹത്തി​ന്റെ  സംഘത്തിലെ 76 വയസ്സുള്ള വനിത, കണ്ണൂരിലെ മൂന്നുവയസ്സുകാരനും മാതാപിതാക്കളും എന്നിവരാണ് രോഗമുക്തരായെന്ന് തുടർപരിശോധനഫലം ലഭിച്ചത്.

ചികിത്സ ആരംഭിച്ചശേഷം തുടർച്ചയായ രണ്ട് സാംപിൾ പരിശോധനഫലം നെഗറ്റിവ് ആകുമ്പോഴാണ് രോഗത്തിൽനിന്ന്​ മുക്തരായതായി കണക്കാക്കുക.

ഇതിൽ ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ആൻറി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ എന്നിവ ഏഴുദിവസം നൽകിയുള്ള ചികിത്സയായിരുന്നു. 

മരുന്ന് നൽകി മൂന്നാമത്തെ ദിവസം നടത്തിയ സാംപിൾ പരിശോധനയിൽതന്നെ ഫലം നെഗറ്റിവായി. കഴിഞ്ഞ 23ന് ലഭിച്ച സാംപിൾ പരിശോധനഫലവും നെഗറ്റിവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ബ്രിട്ടനിലെ വിനോദസഞ്ചാരികളുടെ 19 അംഗ സംഘത്തിലെ ഇയാൾക്കുൾ​പ്പെടെ ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേർ കോവിഡ് ചികിത്സയിൽതന്നെയാണ്.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവി​ന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്തഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ. ഗീത നായർ എന്നിവരാണ് സംഘത്തിലുള്ളത്. 

ഇന്ത്യയിൽ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് ഈ രണ്ടു മരുന്ന്​ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചി​ന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്നും അവർ വ്യക്തമാക്കി.

Post a Comment

Previous Post Next Post