NEWS UPDATE

6/recent/ticker-posts

വിമാന സർവീസുകൾ നിർത്തിയതോടെ ദുബൈയിൽ ബാക്കിയായി മൃതദേഹങ്ങൾ; ഏറെയും മലയാളികൾ

ദുബൈ:  കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്യുന്നതോടെ യുഎഇയിൽ ജീവൻ പൊലിഞ്ഞ ഒട്ടേറെ മൃതദേഹങ്ങൾ അനിശ്ചിതമായി മോർച്ചറിയിൽ ബാക്കിയാകുന്നു.[www.malabarflash.com] 

പ്രിയപ്പെട്ടവർക്ക് ഒരു നോക്കു കാണാൻ പോലുമാകാതെ കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിൽ തന്നെ അടക്കം ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്ത മൃതദേഹങ്ങളും ഒട്ടേറെ. നിലവിൽ ദുബൈയിൽ മാത്രം 13 മൃതദേഹങ്ങൾ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും കാത്ത് മോർച്ചറിയിൽ സൂക്ഷിക്കുന്നതായി യുഎഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവരവരുടെ രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള സേവനം ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെ ഉദ്ദരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഏറെയും മലയാളികളടക്കമുള്ള ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് മലയാളികളും ഒരു തമിഴ്നാട്ടുകാരനും, മൂന്ന് ബംഗ്ലാദേശുകാർ, നേപ്പാൾ, പാക്കിസ്ഥാൻ സ്വദേശികൾ രണ്ട് വീതം എന്നിവരുടെ മൃതദേഹമാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ വേണ്ടി മോർച്ചറിയിൽ സൂക്ഷിക്കുന്നത്. ഇവരിൽ പലരും പല കാരണങ്ങളാൽ വർഷങ്ങളായി നാട്ടിൽ പോകാത്തവരാണ്. 

ഒടുവിൽ ഇവിടെ തന്നെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇവരുടെ മുഖം അവസാനമായി ഒരു നോക്കു കാണാൻ പ്രിയപ്പെട്ടവർ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. മറ്റു ചിലർ ദുഃഖം ഉള്ളിലൊതുക്കി പ്രിയപ്പെട്ടവരുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും ദഹിപ്പിക്കാനും സമ്മതമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷാർജയിൽ നിര്യാതയായ മാവേലിക്കര ഈരേഴ വടക്ക് കമ്പനിപ്പടി മനോജ് ശങ്കറിൽ മനോജ് ശങ്കർ ദാസ് പിള്ളയുടെ ഭാര്യ രാധിക(40)യുടെ മൃതദേഹം ചൊവ്വാഴ്ച ഷാർജ ശ്മശാനത്തിൽ ദഹിപ്പിച്ചു. രണ്ട് വർഷമായി ഇവർ നാട്ടിലേയ്ക്ക് പോയിട്ട്. എങ്കിലും വിമാന സർവീസ് പുനരാരംഭിക്കുന്നതിലുള്ള അനിശ്ചിതത്വത്തെ തുടർന്ന് മൃതദേഹം ഇവിടെ തന്നെ ദഹിപ്പിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നുവെന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു. 

കൂടാതെ, കഴിഞ്ഞ ദിവസം ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹവും ദഹിപ്പിച്ചു. ദുബൈയിൽ നിര്യാതനായ ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച ദുബൈയിൽ ദഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിമാന സർവീസ് എന്നാണ് പുരനരാരംഭിക്കുക എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ യുഎഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കുന്നതും ദഹിപ്പിക്കുന്നതുമായിരിക്കും ഉചിതം എന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു. നാട്ടിലെ കുടുംബത്തിന് വേണ്ടി മരുഭൂമിയിൽ വെയിലേറ്റ് കഷ്ടപ്പെട്ട് ഒടുവിൽ ഇവിടെ തന്നെ വീണ് മരിക്കുന്ന നിർഭാഗ്യവാന്മാരുടെ മൃതദേഹങ്ങൾ ഒരു നോക്കു കാണാൻ നാട്ടിലെ ഉറ്റവർ ആഗ്രഹിക്കുക സ്വാഭാവികമാണ്. 

ഇന്ത്യൻ കോൺസുലേറ്റും എയർ ഇന്ത്യയും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ വലിയ സേവനമാണ് ചെയ്യുന്നത്. പക്ഷേ, കോവിഡ‍്–19 എന്ന മഹാമാരി ഈ ആഗ്രഹങ്ങളെയെല്ലാം ബാധിച്ചിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങൾ യുഎഇ ശക്തമായിക്കൊണ്ടിരിക്കെ, അതിന് പിന്തുണ നൽകേണ്ടത് എല്ലാ പ്രവാസികളുടെയും കടമയാണെന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു.

Post a Comment

0 Comments