Top News

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ദുബൈയിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു.[www.malabarflash.com] 

മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ശനിയാഴ്ച നടക്കും. ദുബൈയിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.

തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 

ശനിയാഴ്ച  രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.

നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.

Post a Comment

Previous Post Next Post