NEWS UPDATE

6/recent/ticker-posts

അമിത് ഷായുടെ വസതിയിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു.[www.malabarflash.com]

ബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവര്‍ രണ്ടുമണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍, മാര്‍ച്ചിന് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു. ഇത് അവഗണിച്ച് മാര്‍ച്ചുമായി മുന്നോട്ടുപോയ സമരക്കാരെ അമിത് ഷായുടെ വസതിക്ക് സമീപം ബാരിക്കേഡ് തീര്‍ത്ത് പോലിസ് തടഞ്ഞു. ഇതോടെ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി തേടി ഷാഹിന്‍ബാഗ് സമരക്കാര്‍ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി ആര്‍ പി മീണ വ്യക്തമാക്കി.

5,000 പേരുടെ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കി. അഞ്ചുപേര്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു പോലിസിന്റെ നിലപാട്. എന്നാല്‍, സമരക്കാര്‍ ഇതിന് തയ്യാറായില്ല. 

സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്ന് ഞങ്ങള്‍ എല്ലാവരുംകൂടി അമിത് ഷായോട് നേരിട്ടുചെന്ന് രേഖാമൂലം ആവശ്യപ്പെടുമെന്ന് സമരക്കാര്‍ അറിയിച്ചു. ഇതിന് പോലിസ് വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ ഷാഹീന്‍ബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. കാളിന്ദികുന്‍ജിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോവുന്ന പ്രധാന നിരത്തിലാണ് കൊടുംതണുപ്പുപോലും അവഗണിച്ച് ദിവസങ്ങളായി സമരം നടക്കുന്നത്.

Post a Comment

0 Comments