NEWS UPDATE

6/recent/ticker-posts

കോർണർ കിക്കിൽ നിന്ന് നേരെ ഗോൾ പോസ്റ്റിലേക്ക്....മീനങ്ങാടി ഗ്രൗണ്ടിൽ പത്തു വയസ്സുകാരന്റെ ഒരു ‘ലോകോത്തര ഗോൾ’

വയനാട്: കോർണർ കിക്കിൽ നിന്ന് നേരെ ഗോൾ പോസ്റ്റിലേക്ക് പന്തെത്തിക്കുന്ന ‘ഒളിംപിക് ഗോളെ’ന്ന അദ്ഭുത വിദ്യ ലോക ഫുട്ബോളിൽ അടുത്തിടെ കണ്ടത് സ്പാനിഷ് സൂപ്പർ കപ്പ് സെമിയിലാണ്.[www.malabarflash.com]

അന്ന് വലൻസിയയ്ക്കെതിരായ സെമി പോരാട്ടത്തിൽ റയൽ മഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസാണ് കോർണർ കിക്ക് നേരെ വലയിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇതൾ വിരിഞ്ഞ ആ ഗോളിനു സമാനമായ ഒന്ന്,  നമ്മുടെ സ്വന്തം വയനാട്ടിലെ മീനങ്ങാടിയിലും പിറന്നു! വെറും 10 വയസ്സ് മാത്രം പ്രായമുള്ളൊരു കൊച്ചുപയ്യനാണ് അത്തരമൊരു ‘വലിയ ഗോളി’നു പിന്നിൽ.

മീനങ്ങാടി പഞ്ചായത്ത് മൈതാനത്ത് നടന്ന അഖില കേരള കിഡ്സ് അണ്ടർ 10 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിലാണ് പി.കെ. ഡാനിഷ് എന്ന കൊച്ചുമിടുക്കാൻ ഒളിംപിക് ഗോളടിച്ച് വണ്ടറടിപ്പിച്ചത്.

കോഴിക്കോട് പ്രസന്റേഷൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഡാനിഷ്, ടൂർണമെന്റിന്റെ കലാശപ്പോരിൽ കെഎഫ്ടിസിക്കായാണ് ഗോളിന്റെ വിസ്മയച്ചെപ്പ് തുറന്നത്.

മലയാള മനോരമ കോഴിക്കോട് യൂണിറ്റിൽ ഫൊട്ടോഗ്രാഫറായ അബു ഹാഷിമാണ് മകൻ ഡാനിഷിന്റെ ഒളിംപിക് ഗോൾ ക്യാമറയിൽ പകർത്തിയത്. ഡാനിഷിന്റെ അമ്മ നോവിയ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ വിഡിയോ, മണിക്കൂറുകൾകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി.

ഈ ഗോളിന്റെ പിറവിക്കു പിന്നിൽ രസകരമായൊരു കഥ കൂടിയുണ്ട്. ഉടൻ തന്നെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഈ കൊച്ചുമിടുക്കനാണ്.

മെസിയെ സ്വപ്നം കണ്ട് കഴിയുന്ന ഏഴു വയസ്സുകാരന്റെ കഥ പറയുന്ന ഈ സിനിമയ്ക്കായി ഡാനിഷ് ഒളിംപിക് ഗോൾ പലതവണ പ്രാക്ടീസ് ചെയ്തിരുന്നു. സിനിമയിലെ സീനിനായി നടത്തിയ ഒളിംപിക് ഗോൾ പരിശീലനമാണ് മീനങ്ങാടിയിലെ പഞ്ചായത്ത് മൈതാനത്ത് ഡാനിഷ് യാഥാർഥ്യമാക്കിയത്.

Post a Comment

0 Comments