NEWS UPDATE

6/recent/ticker-posts

വെറും പോത്തല്ല; ഇവനാണ്‌ ‘ഹരിയാന മുറെ’, തൂക്കം 1500 കിലോ

തിരുവന്തപുരം: പാലോട് മേള നഗരിയിൽ കൗതുകമുണർത്തി 1500 കിലോയുള്ള ഹരിയാന മുറെ പോത്തിന്റെ സായാഹ്ന നടത്തം. തിങ്കളാഴ്ച വൈകിട്ട് പാലോടിന്റെ പ്രധാന തെരുവുകളിലൂടെയുള്ള നടത്തം കാണാൻ നിരവധിപേർ തടിച്ചുകൂടി. വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും ഈ കാഴ്ച അത്ഭുതമുളവാക്കി.[www.malabarflash.com]

പഴയ കാളച്ചന്തയുടെ ഓർമ പുതുക്കി കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുക്കുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ തുടങ്ങിയവ വിൽപ്പനയ്ക്കും പ്രദർശനത്തിനുമായി മേളയിലെത്തിച്ചു. മേളയിൽ സന്ദർശകരുടെ തിരക്കേറി. 

ഇരുനൂറോളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രദർശന വിപണന സ്റ്റാളാണ് മേളയിലുള്ളത്. ഐഎസ്ആർഒ, ടിബിജിആർഐ, കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകൾ ശ്രദ്ധേയമാണ്. ഓലമേഞ്ഞ കുടിലും വയലും വെള്ളംതേവുന്ന കർഷകനും കാളവണ്ടിയും കാർഷികോൽപ്പന്നങ്ങളും സജ്ജമാക്കിയ പെരിങ്ങമ്മല ജില്ലാകൃഷിത്തോട്ടത്തിന്റെ സ്റ്റാൾ മൺമറഞ്ഞുപോയ കാർഷിക സംസ്‌കൃതിയുടെ ഓർമ പുതുക്കുന്നതാണ്‌. 

ഇന്ത്യയിലെ പ്രമുഖ പ്രസാധകരെ പങ്കെടുപ്പിച്ച്‌ ചിന്താ പബ്ലിഷേഴ്‌സ് മേളയിൽ സംഘടിപ്പിച്ചിരിക്കുന്ന പുസ്തകോത്സവത്തിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ പ്രധാന കിഴങ്ങുവർഗങ്ങളുടെയും കാർഷികോൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവുമാണ് വിവിധ കർഷക സ്റ്റാളുകളിലുള്ളത്. 

കൂടാതെ കളിമൺപാത്രങ്ങൾ, മൺചട്ടികൾ, മൺകലങ്ങൾ, മുളങ്കുറ്റികൾ, ഈറയിൽ തീർത്ത വട്ടി, കുട്ട, അരിവാല, മുറം, ചിരട്ടത്തവികൾ, ചിക്ക്പായ്, ഈർക്കിൽ ചൂൽ തുടങ്ങിയ പരിസ്ഥിതി സൗഹാർദ ഉൽപ്പന്നങ്ങളും വിപണനത്തിനെത്തിച്ചിട്ടുണ്ട്‌. 

കുട്ടികൾക്കുള്ള അമ്യൂസ്‌മെന്റ്‌ പാർക്കും മരണക്കിണറും അന്നലൂഞ്ഞാലും ജയിന്റ്‌ വീലും കുട്ടികളുടെ വിനോദത്തിന്‌ ആവേശമുയർത്തും. 

മേളയിലെത്തുന്ന എല്ലാ സന്ദർശകർക്കും യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയുടെ ഇൻഷുറൻസ് പരിരക്ഷ മേളാ കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments